പറവൂർ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ ജിത്തുവിനെ പോലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. വിസ്മയയെ മാതാപിതാക്കൾ കൂടുതൽ സ്‌നേഹിച്ചത് ജിത്തുവിന് ഇഷ്ടമായിരുന്നില്ല. വിസ്മയക്ക് മാതാപിതാക്കൾ കൂടുതൽ വസ്ത്രങ്ങൾ വാങ്ങി നൽകാറുണ്ടായിരുന്നു. ഈ വസ്ത്രങ്ങൾ താൻ കീറിമുറിക്കുമായിരുന്നു. ഇതേ ചൊല്ലി വിസ്മയയുമായി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും ജിത്തു മൊഴി നൽകി
ജീവനോടെയാണ് വിസ്മയയെ കത്തിച്ചത്. വഴക്കിനെ തുടർന്ന് ആദ്യം കുത്തി പരുക്കേൽപ്പിച്ചു. നിരവധി തവണ കുത്തി. കുത്തേറ്റ് വിസ്മയ തളർന്ന് കട്ടിലിൽ ഇരുന്നു. ഇതോടെ വിസ്മയയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. തീ ആളിപ്പടർന്നതോടെ വീടിന്റെ പുറക് വശത്തുകൂടി താൻ രക്ഷപ്പെടുകയായിരുന്നുവെന്നും ജിത്തു പറഞ്ഞു
എടവനക്കാടേക്ക് ബസിൽ പോയി. ഇതിന് ശേഷം വിസ്മയയുടെ ഫോണിലെ സിം ഒടിച്ചുകളഞ്ഞു. രണ്ട് കാറുകളിൽ ലിഫ്റ്റ് ചോദിച്ച് എറണാകുളത്ത് എത്തി. വിസ്മയയെ കുത്തിപ്പരുക്കേൽപ്പിക്കുമ്പോൾ ജിത്തുവിന്റെ കൈയിലും പരുക്കേറ്റിരുന്നു. ഇത് സ്വകാര്യ ആശുപത്രിയിൽ വെച്ച് കെട്ടിവെച്ചു.
രാത്രി മേനക ജംഗ്ഷനിലെത്തിയ ജിത്തുവിനെ പോലീസ് കൺട്രോൾ റൂം പട്രോളിംഗ് സംഘം കണ്ടു. ഇവരാണ് കാക്കനാട്ടെ അഭയ കേന്ദ്രത്തിലാക്കിയത്. ലക്ഷദ്വീപ് സ്വദേശിയെന്നാണ് ജിത്തു പോലീസ് സംഘത്തോട് പറഞ്ഞത്.