വിസ്മയയുടെ മൂന്ന് ഫോണുകൾ തല്ലി തകർത്തു: വിസ്മയയെ താൻ ക്രൂരമായി മർദ്ദിക്കുമായിരുന്നെന്ന് സമ്മതിച്ച് കിരൺ കുമാർ

 

കൊല്ലം: വിസ്മയയെ ക്രൂരമായി മർദിച്ചിരുന്നുവെന്നത് സമ്മതിച്ച് പ്രതി കിരൺ കുമാർ. എന്നാൽ ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവർത്തിച്ചു. മരണം നടന്ന വീട്ടിൽ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

ഏറെ നേരം ഭാര്യ വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടൗവ്വലുമായി പെൺകുട്ടി പോയത് കണ്ടോ എന്ന ചോദ്യത്തിനും കിരൺ മറുപടി നൽകിയില്ല. മരണ ദിവസം താൻ ഭാര്യയെ മർദിച്ചിട്ടില്ലെന്നും വിസ്മയയുടെ മൂന്ന് ഫോണുകൾ തല്ലി തകർത്തുവെന്നും കിരൺ പറഞ്ഞു.

കാറിൻ്റെ കാര്യത്തിൽ മാത്രമായിരുന്നില്ല മർദ്ദനമെന്നും തൻ്റെ എതിർപ്പ് അവഗണിച്ച് വിസ്മയ സ്വന്തം കുടുംബത്തോട് അടുപ്പം കാണിച്ചതിൽ കടുത്ത അമർഷമുണ്ടായിരുന്നെന്നും അതാണ് പലപ്പോഴും മർദ്ദനത്തിൽ കലാശിച്ചതെന്നും കിരൺ പറയുന്നു.

അതേസമയം വിസ്മയയുടേത് കൊലപാതകമാണെന്ന സംശയം ഇപ്പോഴും അവശേഷിക്കുകയാണ്. പോലീസ് സർജൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് നേരിട്ടെത്തി പരിശോധിക്കണമെന്ന ആവശ്യം അന്വേഷണ സംഘത്തിനുണ്ട്.