കാശ്മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

 

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗർ പന്താചൗകിൽ രാത്രിയിലുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചത്.

ഇവർ ഡിസംബർ ആദ്യം പൊലീസ് ബസിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരാണെന്നാണ് വിവരം. മൂന്ന് പൊലീസുകാർക്കും ഒരു സിആർപിഎഫ് ജവാനും ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്.

മരിച്ചവരിൽ ഒരാളായ ജയ്ഷെ ഭീകരൻ സുഹൈൽ അഹ്മഗ് റഥേർ ശ്രീനഗറിൽ പൊലീസ് ബസ് ആക്രമിച്ച് മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയാണ്. ഇതോടെ ഈ സംഭവത്തിന് പിന്നിലുളളവരെയെല്ലാം വധിച്ചതായി സുരക്ഷാസേന അറിയിച്ചു.