ഇന്ന് ലോക ഹൃദയദിനം; ഹൃദ്യം പദ്ധതി വിജയത്തിലേക്ക്

സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതി വിജയത്തിലേയ്ക്ക്. എട്ടുവയസിൽ താഴെയുള്ള കുട്ടികൾ ഹൃദ്രോഗം മൂലം മരിക്കുന്നത് പൂർണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ലക്ഷ്യത്തിലേക്കെത്തുന്നത്. പദ്ധതി ആരംഭിച്ചതിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുവരെ ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്തത് 7,579 കുട്ടികളാണ്. ഇതിൽ 2,629 കുട്ടികളുടെ സർജറി കഴിഞ്ഞു. 25 കോടിയിലേറെ രൂപയാണ് ഓരോ വർഷവും സർക്കാർ ഇതിനായി ചെലവഴിക്കുന്നത്.

പിറന്നുവീഴുന്ന കുഞ്ഞുങ്ങൾ മുതൽ 18 വയസ് വരെയുളള കുട്ടികളിലെ ഹൃദ്രോഗ ചികിത്സയ്ക്കായാണ് സർക്കാർ ‘ഹൃദ്യം’ പദ്ധതി ആരംഭിച്ചത്. മലപ്പുറം ജില്ലയിലാണ് കൂടുതൽ കുട്ടികളുടെ ചികിത്സ നടന്നത്. മലപ്പുറത്ത് ഇതുവരെ 471 കുട്ടികൾ ചികിത്സ തേടി. സർജറി കഴിഞ്ഞ കേസുകളിൽ 60 ശതമാനവും ഒരു വയസിൽ താഴെ പ്രായമുള്ള കുട്ടികളാണ്. ഓരോ വർഷത്തിലും ഹൃദയസംബന്ധമായ അസുഖങ്ങളുമായി ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ചികിത്സ ആവശ്യമുള്ള കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്താൽ ചികിത്സ മുഴുവൻ സർക്കാർ ഏറ്റെടുക്കുന്ന പദ്ധതി 2017 സെപ്റ്റംബറിൽ കോഴിക്കോടാണ് തുടക്കം കുറിച്ചത്. വർഷം രണ്ടായിരത്തോളം കുട്ടികളാണ് ഹൃദയ സംബന്ധമായ അസുഖവുമായി ജനിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. ഇവരുടെ ചികിത്സാ ചെലവ് മിക്ക കുടുംബത്തിനും താങ്ങാനാവുന്നതല്ല. നിലവിൽ എട്ടുവയസുവരെ പ്രായമുള്ള കുട്ടികളുടെ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപയോളമാണ് ചെലവ്. ചികിത്സാ സഹായ പദ്ധതികളിൽനിന്ന് പലപ്പോഴും നാമമാത്ര തുക മാത്രമാണ് ലഭ്യമാകുന്നത്.

സ്വകാര്യ ആശുപത്രികളിലടക്കം കേരളത്തിൽ ഏഴിടത്താണ് ഹൃദയ ശസ്ത്രക്രിയാ സംവിധാനമുള്ളത്. അതിനാൽ തന്നെ ദിവസം 11 ശസ്ത്രക്രിയയാണ് സാധ്യമാവുക. ‘ഹൃദ്യം’ പദ്ധതിക്ക് 4506.46 ലക്ഷം രൂപ ഈ വർഷം ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്തവരിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവഹാനി സംഭവിക്കാനിടയുള്ള കുട്ടികളെ പെട്ടെന്ന് ശസ്ത്രക്രിയക്ക് വിധേയരാക്കുന്നുമുണ്ട്. കോവിഡ് 19 രൂക്ഷമാകുന്ന സാഹചര്യത്തിലും ആരോഗ്യപ്രവർത്തകർ സർജറിക്ക് വിധേയമാകുന്ന കുട്ടികളുടെ വീടുകളിൽ ചെന്ന്കൃത്യമായി ചികിത്സ ഉറപ്പാക്കുന്നുണ്ട്.