അംഗീകൃത ഹോമുകളിൽ കഴിയുന്ന കുട്ടികളെ സർക്കാർ ധനസഹായത്തോടു കൂടി സംരക്ഷിക്കും;മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം : അംഗീകൃത ഹോമുകളിൽ കഴിയുന്ന കുട്ടികളെ സർക്കാർ ധനസഹായത്തോടു കൂടി ബന്ധുക്കൾക്ക് പോറ്റി വളർത്താൻ കഴിയുന്ന കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതി 14 ജില്ലകളിലും നടപ്പിലാക്കുന്നതിന് 84 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള 817 സ്ഥാപനങ്ങളിൽ 25,484 കുട്ടികളാണ് താമസിച്ചു വരുന്നത്. സ്ഥാപനത്തിൽ നിൽക്കുന്ന മിക്ക കുട്ടികൾക്കും ബന്ധുക്കളുടെ കൂടെ നിൽക്കണമെന്നാണ് ആഗ്രഹം. എന്നാൽ സാമ്പത്തികമായി അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണ് മിക്ക കുട്ടികളുടേയും ബന്ധുക്കൾ. സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകൾ കാരണമാണ് മിക്കവരും കുട്ടികളെ ഏറ്റെടുക്കാൻ മടിക്കുന്നത്. ഈയൊരു സാഹചര്യം മുൻനിർത്തിയാണ് സനാഥന ബാല്യം പദ്ധതിയുടെ ഭാഗമായി കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതിക്ക് ഈ സർക്കാർ രൂപം നൽകിയത്. കുട്ടിയുമായി അടുപ്പമുള്ള ബന്ധുക്കൾ കുട്ടിയെ ഏറ്റെടുക്കാൻ തയ്യാറാവുന്ന സാഹചര്യത്തിൽ ഒരു നിശ്ചിത തുക മാസംതോറും നൽകിയാൽ കുട്ടികളുടെ സ്ഥാപനവാസം കുറയ്ക്കാനും അതിലൂടെ സന്തോഷം വർധിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പോറ്റിവളർത്തൽ (Foster Care) രീതിയെ പ്രോൽസാഹിപ്പിക്കാൻ വേണ്ടി 2017ൽ തുടങ്ങിയ പദ്ധതിയാണ് സനാഥനബാല്യം. വ്യക്തിഗത പോറ്റിവളർത്തൽ (Individual Foster Care), ഒന്നിലധികം കുട്ടികളെ പോറ്റി വളർത്തൽ (Group, Foster Care), അവധിക്കാല പരിപാലനം (Vacation Foster Care), ബന്ധുക്കളുടെ കൂടെ (Kinship Foster Care), ഇടക്കാല പോറ്റി വളർത്തൽ (Respite Foster Care) എന്നിങ്ങനെ 5 തരം പോറ്റിവളർത്തൽ സംവിധാനമാണുള്ളത്. ഇതിൽ ആദ്യത്തെ നാല് തരം പോറ്റി വളർത്തലുകളിലും പ്രാഥമികമായി ഹ്രസ്വകാലത്തേയ്ക്കും പിന്നീട് പരിശോധിച്ച് വേണമെങ്കിൽ ദീർഘകാലത്തേയ്ക്കും കുട്ടികളെ മറ്റ് കുടുംബങ്ങളിൽ പാർപ്പിക്കാറുണ്ട്. ഇതിലെ കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതിയാണ് സംസ്ഥാനത്തെ 14 ജില്ലകളിലും ആരംഭിക്കുന്നതിനായി തുക അനുവദിച്ചത്.