Headlines

കെപിസിസി, ഡിസിസി പുനഃസംഘടനയില്‍ തീരുമാനമായില്ല; നേതാക്കള്‍ ഡല്‍ഹിയില്‍ തുടരുന്നു

കോണ്‍ഗ്രസില്‍ ഭാരവാഹികളെ നിശ്ചയിക്കുന്നതും മാറ്റുന്നതും എന്നും ദുര്‍ഘടം പിടിച്ച പരിപാടിയാണ്. അത് കെപിസിസി അധ്യക്ഷസ്ഥാനം മുതല്‍ ബൂത്ത് പ്രസിഡന്റിനെവരെ മാറ്റണമെങ്കില്‍ വലിയ ചര്‍ച്ചയും അനുരജ്ഞനവും ഒക്കെ ആവശ്യമാണ്. തീരുമാനമായില്ലെങ്കില്‍ പിന്നെ ഹൈക്കമാന്റ് പ്രഖ്യാപനമാണെന്ന് പറഞ്ഞ് ഭാരവാഹികളെ പ്രഖ്യാപിക്കും. ഇതോടെ ഭാരവാഹിത്വം നഷ്ടമാവുന്നവര്‍ പാര്‍ട്ടിയില്‍ എതിരാളികളാവും, ചിലരൊക്കെ പാര്‍ട്ടി വിട്ടുപോയ ചരിത്രവുമുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് സീറ്റു കിട്ടാത്തവര്‍ പാര്‍ട്ടി വിടുന്നതും പതിവാണ്

ഇത്തരം ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഡിസിസി ഭാരവാഹി നിര്‍ണയ ചര്‍ച്ച അനന്തമായി നീളാന്‍ കാരണം. കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനൊപ്പം സംസ്ഥാനത്തെ എല്ലാ ഡിസിസി അധ്യക്ഷന്മാരേയും മാറ്റാനായിരുന്നു ഹൈക്കമാന്റ് നിര്‍ദേശം. എന്നാല്‍ ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതില്‍ നേതാക്കളില്‍ സമവായം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ജൂണ്‍മാസത്തില്‍ ആരംഭിച്ച അനൗദ്യോക ചര്‍ച്ചകളിലൊന്നും ഡി സി സി അധ്യക്ഷന്മാരുടെ മാറ്റത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ പറ്റാതെ വന്നതോടെ ചര്‍ച്ച ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി ഡല്‍ഹിയില്‍ ഡി സി സി അധ്യക്ഷന്മാരെ നിയമനുവുമായി ചര്‍ച്ചകള്‍ തുടരുകയാണ്. രണ്ടാം ദിവസമായ ഇന്നലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അധ്യക്ഷന്മാരുടെ പട്ടിക ഹൈക്കമാന്റിനെ ഏല്‍പ്പിക്കാനും, ഈ ആഴ്ച അവസനാത്തോടെ തീരുമാനം പ്രഖ്യാപിക്കാനുമായിരുന്നു തീരുമാനം.

എന്നാല്‍ വി ഡി സതീശന്‍ എറണാകുളം ഡിസിസി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് നിലപാട് കടുപ്പിച്ചതും, കണ്ണൂര്‍ ഡിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാര്‍ട്ടിന്‍ ജോര്‍ജിനെ മാറ്റുന്നതിനും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെ തീരുമാനം കൈക്കൊള്ളാന്‍ പറ്റാതെ വരികയായിരുന്നു. എല്ലാ ജില്ലകളിലും മൂന്നോളം നേതാക്കളെ ഡി സി സി അധ്യക്ഷസ്ഥാനത്തേക്ക് വിവിധ നേതാക്കള്‍ ശിപാര്‍ശ ചെയ്യുകയും അവര്‍ക്കായി വാദിക്കുകയും ചെയ്തതോടെ പുതിയ അധ്യക്ഷന്മാരെ അന്തിമമായി തീരുമാനിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

കേളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷിയും സംഘടനാ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി കെ സി വേണുഗോപാലും നേതാക്കളുമായി രണ്ടുവട്ടം ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്. എല്ലാ നേതാക്കളുമായി ഒരുമിച്ചും വേറിട്ടും കെപിസിസി അധ്യക്ഷന്‍ അഡ്വ സണ്ണി ജോസഫും ചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് ഡിസിസി അധ്യക്ഷന്റെ താല്കാലിക ചുമതല വഹിക്കുന്ന എന്‍ ശക്തന്‍ തുടരണമെന്ന അഭിപ്രായവുമായി ശശി തരൂരും രംഗത്തുണ്ട്. മലപ്പുറം, കോഴിക്കോട് ഡി സി സി അധ്യക്ഷന്മാരെ മാറ്റുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.

ഡി സി സി ഭാരവാഹികളെ മാറ്റുന്നുവെങ്കില്‍ എല്ലാവരേയും മാറ്റണമെന്നും, ചിലരെ മാത്രം മാറ്റുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിയൊരുക്കുകയായിരിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. കെപിസിസി ഭാരവാഹികളില്‍ ആരേയും ഒഴിവാക്കാന്‍ നിലവിലുള്ള സാഹചര്യത്തില്‍ കഴിയില്ല. ഇതോടെ നേരെ ഇരട്ടി ഭാരവാഹികള്‍ വരും. ജംബോ കമ്മിറ്റി വരുന്നതോടെ ആര്‍ക്കും ഉത്തരവാദിത്വമില്ലായ്മ വരുമെന്നായിരുന്നു നേരത്തെ ഉയര്‍ന്ന പ്രധാന ആരോപണം. എല്ലാ ഗ്രൂപ്പ് മാനേജര്‍മാരേയും തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള പുനസംഘടനയാണ് കെ പി സി സി ലക്ഷ്യമിടുന്നത്. അതിനാല്‍ ആരേയും ഒഴിവാക്കാന്‍ കഴിയില്ല. ഓരോ ഗ്രൂപ്പും നിര്‍ദേശിക്കുന്നവരെ കൂട്ടിച്ചേര്‍ക്കേണ്ടിവരും. ഇതെല്ലാം ഭാരവാഹികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാക്കും. രമേശ് ചെന്നിത്തയും വി ഡി സതീശനും കെ പി സി സി അധ്യക്ഷനുമായി ഒറ്റയ്ക്ക് കണ്ട് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തു.

ഭരണമാറ്റത്തിന് അനുകൂലമായൊരു കാലാവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും പുനസംഘടനയിലൂടെ ഐക്യം തകരുന്ന അവസ്ഥയുണ്ടാവരുതെന്നുമാണ് കെപിസിസി അധ്യക്ഷന്റേയും നിലപാട്. സംസ്ഥാനത്ത് പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ ശക്തമായൊരു സംഘടനാ സംവിധാനം അനിവാര്യമാണെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്. അതിനാല്‍ തര്‍ക്കങ്ങളില്ലാതെ പുനസംഘടന പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. കെപിസിസി അധ്യക്ഷന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം സണ്ണി ജോസഫ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് പുനസംഘടന. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, അനില്‍കുമാര്‍ എന്നിവരും ചര്‍ച്ചയ്ക്കൊപ്പം ഡല്‍ഹിയിലുണ്ട്.വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കിയെടുക്കാനുള്ള ശക്തമായൊരു ടീമിനെ ഉണ്ടാക്കിയെടുക്കുകയാണ് പുനസംഘടന കൊണ്ട് നേതൃത്വം ലക്ഷ്യമിടുന്നത്. സമവായം ഉണ്ടാക്കുകയും ഐക്യത്തോടെ മുന്നേറാനുള്ള സാഹചര്യം ഉണ്ടാക്കാനും കഴിഞ്ഞില്ലെങ്കില്‍ പുനസംഘടന ഗുണത്തേക്കാളേറെ ദോഷമായി ഭവിക്കാനുള്ള സാധ്യതയും നേതൃത്വം മുന്നില്‍ കാണുന്നുണ്ട്.