ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ആശങ്ക അറിയിച്ച് എപി അബൂബക്കര്‍ മുസലിയാര്‍; ആശങ്ക അവശേഷിക്കുന്നുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആശങ്ക അറിയിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാന്തപുരം എപി അബൂബര്‍ മസലിയാര്‍.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 80 ശതമാനം മുസ്‌ലിം സമുദായത്തിന് ലഭിക്കണം. ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ മുസ്‌ലിംസമുദായത്തിന് നഷ്ടം സംഭവിക്കും.

അതേസമയം, ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതില്‍ ഒരു കുറവും വരില്ല. ഇക്കാര്യത്തില്‍ ആശങ്ക അവശേഷിക്കുന്നുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഒരു ആനുകൂല്യവും നഷ്ടപ്പെടാത്ത വിധം പുനക്രമീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായും എപി അബൂബക്കര്‍ മുസലിയാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ലെങ്കില്‍ ഈ ആവശ്യത്തില്‍ പ്രത്യക്ഷ സമരത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം ഫേസ് ബുക്കില്‍ ഇങ്ങനെ കുറിച്ചു

‘ബഹു. മുഖ്യമന്ത്രി. പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം സമുദായത്തിന്റെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും ഉന്നമനത്തിന് സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയും നടപടികളും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ് ബഹു. കേരള ഹൈക്കോടതിയുടെ വിധി പ്രകാരം റദ്ദ് ചെയ്തതിനെ തുടര്‍ന്നുണ്ടായ സമുദായത്തിന്റെ ആശങ്ക മുഖ്യമന്ത്രിയുമായി പങ്ക് വച്ചു. ലഭിച്ച് കൊണ്ടിരിക്കുന്ന ഒരു ആനൂകൂല്യവും നഷ്ടപ്പെടാത്ത വിധം സ്‌കോളര്‍ഷിപ്പ് പുനക്രമീകരിച്ചിട്ടുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള ആശങ്കകള്‍ ശേഷിക്കുന്നുവെങ്കില്‍ ക്രിയാത്മക നടപടിയിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

ഉദ്യോഗ, തൊഴില്‍, സേവന മേഖലകളിലും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ബോര്‍ഡ്, കോര്‍പറേഷനുകളിലും ജനസംഖ്യാനുപാതികമായ സംവരണം ഉറപ്പാക്കണമെന്നും, മലബാര്‍ മേഖലയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങളുടെ അപര്യാപ്തത, പി.എസ്.സി റൊട്ടേഷന്‍ സമ്പ്രദായം മാറ്റി സ്ഥാപിക്കുക, മറ്റു പൊതുതാത്പര്യ വിഷയങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി’.