ഇരിങ്ങാലക്കുടയിൽ സഹപാഠിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വിദ്യാർഥിക്ക് കുത്തേറ്റു

തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ സഹപാഠിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കോളജ് വിദ്യാർഥിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട ജ്യോതിസ് കോളജിലെ വിദ്യാർഥിയും ചേലൂർ സ്വദേശിയുമായ ടെൽസനാണ് കുത്തേറ്റത്. വിദ്യാർഥിയെ ആക്രമിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കാറളം സ്വദേശി സാഹിർ, ആലുവ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. പരുക്കേറ്റ ടെൽസനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ ബൈക്കിലെത്തിയ സാഹിറും രാഹുലും നടുറോഡിൽ വെച്ച് ശല്യം ചെയ്യുകയായിരുന്നു. ഇത് കണ്ടാണ് സഹപാഠിയായ ടെൽസൻ ഇടപെട്ടത്.

ഇതോടെ സാഹിർ കയ്യിൽ കരുതിയ കത്തിയുപയോഗിച്ച് ടെൽസനെ കുത്തി പരുക്കേൽപ്പിച്ചു. തുടർന്ന് കത്തി വീശി യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് വീണു. ഇതോടെ നാട്ടുകാർ ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു