അഞ്ച് ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് ഇന്ത്യന്‍ കാറുകളെ പരിചയപ്പെടാം

ലോകത്തെ തന്നെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നാണ് ഇന്ത്യ. മറ്റെല്ലാ മേഖലയിലുമെന്നപ്പോലെ തന്നെ എന്‍ട്രി ലെവല്‍ സെഗ്മെന്‍റിനാണ് ഇന്ത്യന്‍ വാഹനവിപണിയിലും പ്രിയം. ടൂ വീലറില്‍ നിന്നും ഒരു കാറെന്ന സാധാരണക്കാരന്‍റെ സ്വപ്നം സാക്ഷാത്കരിക്കുന്നത് ഈ സെഗ്മെന്‍റിലുള്ള കാറുകളാണ്. എന്നാല്‍ ഭീമമായ വിലയും പരിപാലന ചിലവുമാണ് അവര്‍ക്കു മുന്നിലെ പ്രധാന വെല്ലുവിളികള്‍.

തങ്ങളുടെ‌ ചെറിയ സമ്പാദ്യത്തിന്‍റെ വലിയൊരു പങ്കും വാഹനത്തിനായി മുടക്കുകയെന്നത് പലരെയും കറെന്ന സ്വപ്നത്തില്‍ നിന്നും പിന്നേട്ടു നടത്തുന്നു. ഇവിടെയാണ് എന്‍ട്രി ലെവല്‍ കാറുകളുടെ പ്രസക്തി. താരതമ്യേന കുറഞ്ഞ വിലയില്‍ വാഹനം സ്വന്തമാക്കാമെന്നതാണ് ഈ സെഗ്മെന്‍റിന്‍റെ പ്രത്യേകത. മാരുതി 800 ആണ് ഇന്ത്യന്‍ ചെറുകാര്‍ വിപണിയില്‍ ഇറങ്ങിയ ആദ്യ വാഹനം. 1979 ലായിരുന്നു അത്. എസ്.എസ്80 ആയിരുന്നു ആദ്യ മോഡല്‍.

800 സി.സി എഫ്8ബി എഞ്ചിനായിരുന്നു എസ്.എസ്80 ക്ക് ജീവന്‍ നല്‍കിയത്. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീടിങ്ങോട്ട് ലക്ഷക്കണക്കിന് യൂണിറ്റുകളാണ് മാരുതി 800 വിറ്റു പോയത്. ഇന്ത്യയിലെ പല പ്രമുഖരുടേയും ആദ്യ കാറായിരുന്നു മാരുതി 800. വളരെ അടിസ്ഥാന ഫീച്ചറുകള്‍ മാത്രമായിരുന്നു മാരുതി കാറുകളില്‍ അന്നുണ്ടായിരുന്നത്. എന്നാല്‍ കേവലം അടിസ്ഥാന സൌകര്യങ്ങള്‍ മാത്രം ലഭ്യമായിരുന്ന എന്‍ട്രി ലെവല്‍ കാറുകള്‍കളുടെ കാലം അവസാനിച്ചു. കംഫെര്‍ട്ടിനും, സുരക്ഷക്കും ഏറെ പ്രാധാന്യം നല്‍കുന്നതാണ് പുതുതലമുറ എന്‍ട്രി ലെവല്‍ കാറുകള്‍.

ട്ച്ച് സ്ക്രീന്‍ ഇന്‍ഫോര്‍ടെയിന്‍മെന്‍റ് സിസ്റ്റം, എയര്‍ ബാഗ്, എ.ബി.സ്-ഇ.ബി.ഡി ബ്രേക്കിംഗ് സിസ്റ്റം തുടങ്ങി ആദ്യകാലങ്ങളില്‍ ‌ഉയര്‍ന്ന മോഡലുകളില്‍ കണ്ടിരുന്ന ഏതാണ്ട് മിക്ക സൌകര്യങ്ങളും ഇപ്പോള്‍ എന്‍ട്രി ലെവല്‍ കാറുകളില്‍ തന്നെ ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ ഏതാണ്ട് എല്ലാ വാഹന നിര്‍മ്മാതാക്കളും ഇപ്പോള്‍ ചെറുകാറുളുടെ സെഗ്മെന്‍റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. മികച്ച കസ്റ്റമര്‍ ഫീഡ്ബാക്ക് തന്നെയാണ് ഇതിന് കാരണം. ഇന്ത്യയില്‍ ഇന്ന് ലഭ്യമാകുന്ന ഏതാനും ചെറുകാറുകളെ പരിചയപ്പെടാം.

ആള്‍ട്ടോ800

ചെറുകാര്‍ വിപണിയില്‍ ഇന്ത്യക്കാരുടെ ഇഷ്ട വാഹനമാണ് ആള്‍ട്ടോ 800. ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവും അധികം വിറ്റഴിഞ്ഞ വാഹനവും ആള്‍ട്ടോ 800 തന്നെ. 796 സി.സി, 3 സിലിണ്ടര്‍ എന്‍ജിനാണ് പുതുതലമുറ ആള്‍ട്ടോ 800 മോഡലിന് കരുത്തേകുന്നത്. ഡ്രൈവര്‍സൈഡ് എയര്‍ബാഗ്, ഇലക്ട്രോണിക് ബ്രേക്ക്‌ ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇ.ബി.ഡി), ആന്‍റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എ.ബി.എസ്), റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേഡായി തന്നെ വാഹനത്തില്‍ നല്‍കിയിരിക്കുന്നു. 2,93,689 രൂപ മുതല്‍ ( സ്റ്റാന്‍ഡേഡ് വേര്‍ഷന്‍) 3,71,709 (വി.എക്‌സ്‌.ഐ) രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ് ഷോറും വില.

മാരുതി എസ്പ്രസോ

മറ്റാരും കൈവെയ്ക്കാത്ത ഒരു ശ്രേണിയിലേക്കും മാരുതി കടന്നുചെല്ലുകയാണ് ‘എസ് പ്രസോ’ എന്ന ‘മൈക്രോ എസ്.യു.വി.’യിലൂടെ. അഞ്ച് ലക്ഷം രൂപയില്‍ തഴെ വില വരുന്ന ഒരു മികച്ച കാറാണ് മാരുതി എസ്പ്രസോ’ എന്ന മിനി എസ്.യു.വി. ഒട്ടനവധി പുതിയ ഫീച്ചറുകളോടു കൂടിയാണ് മാരുതി എസ്പ്രസോയെ കമ്പനി അവതരിപ്പിച്ചത്. മാരുതിയുടെ മറ്റു വാഹനങ്ങള്‍ക്കില്ലാത്ത തലപ്പൊക്കമാണ് അതില്‍ പ്രമുഖം. ബി.എസ്. 6 നിബന്ധനകൾ പാലിക്കുന്ന ഒരു ലിറ്റർ കെ10 എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. മാനുവൽ, ഓട്ടോ ഗിയർ ഷിഫ്റ്റ് പതിപ്പുകളില്‍‌ എസ്പ്രസോ ലഭ്യമാണ്. ‘ബ്രെസ’യ്ക്ക് പോലും അവകാശപ്പെടാനില്ലാത്ത വിധമാണ് മുന്‍ബമ്പറും ബോണറ്റും നല്‍കുന്ന റോഡ് പ്രെസന്‍സ്.

എന്നാല്‍ എസ്.യു.വികളെ പോലെ ഒഴുകിയിറങ്ങുന്ന രൂപമല്ല എസ്പ്രസോയ്ക്ക്, ബോക്‌സിയാണ് എസ് പ്രസോ. മുന്നും പിന്നും കൃത്യമായി മുറിച്ചെടുത്ത പോലെ. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഇരട്ട എയർബാഗ്, ഇലക്‌ട്രോണിക് ബ്രേക്കിങ് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനോടു കൂടിയ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, റിയർ പാർക്കിങ് അസിസ്റ്റ് സിസ്റ്റം, ഹൈ സ്പീഡ് വാണിങ് അലേർട്ട് തുടങ്ങി നിരവധി സവിശേഷതകള്‍ വാഹനത്തിനുണ്ട്. ലിറ്ററിന് 21.7 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. 3.69 ലക്ഷം മുതൽ 4.91 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

ടാറ്റ ടിയാഗോ

ഇന്ത്യന്‍ ചെറുകാര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച വാഹനമാണ് ടാറ്റ ടിയാഗോ. ഒരു കാലത്ത് ടാറ്റയെന്ന് കേള്‍ക്കുമ്പോള്‍ മുഖം ചുളിച്ചിരുന്നവര്‍ക്കു മുന്നിലേക്ക് ഏറെ അഭിമാനത്തോടെയാണ് ടാറ്റ ടിയാഗോയെ അവതരിപ്പിച്ചത്. സുരക്ഷക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ടാറ്റ ടിയാഗോയെ റോഡിലേക്കെത്തിച്ചത്. പെട്രോള്‍, ഡീസല്‍ വേരിയന്‍റുകളില്‍ ടിയാഗോ ലഭ്യമാകും. അഞ്ച് ലക്ഷം രൂപയില്‍ താഴെ വില വരുന്ന 13 വേരിയന്‍റുകളാണ് ടിയാഗോയ്ക്കുള്ളത്. രണ്ട് എന്‍ജിനുകളുടെയും കൂടെ 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഇണക്കിചേര്‍ത്തിരിക്കുന്നു. ടാറ്റയുടെ കണക്റ്റ്‌നെക്‌സ്റ്റ് ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം, മാന്വല്‍ എയര്‍ കണ്ടീഷണര്‍, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍, ഡ്രൈവര്‍ ആന്‍ഡ് പാസഞ്ചര്‍ എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.ബി.ഡി, ഇ.എസ്.പി (ഇലക്ട്രോണിക് എന്നിവയെല്ലാം വിവിധ വേരിയന്‍റുകള്‍ അനുസരിച്ച് ലഭിക്കും. 3.26 ലക്ഷം രൂപയിലാണ് ടിയാഗോയുടെ വില ആരംഭിക്കുന്നത്.

മാരുതി സിലേറിയോ

അഞ്ച് ലക്ഷം രൂപയില്‍ താഴെ വില വരുന്ന മറ്റൊരു കാറാണ് മാരുതി സിലേറിയോ. വിസ്താരമേറിയ കാബിനാണ് സിലേറിയോയുടെ സവിശേഷത. ഓക്‌സ്-ഇന്‍ & യു.എസ്.ബി കണക്റ്റിവിറ്റി ഡ്രൈവര്‍സൈഡ് ഫ്രണ്ട് എയര്‍ബാഗ് എന്നിവയാണ് സെലേറിയോയുടെ സവിശേഷത. 165 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

ഹാച്ച്ബാക്ക് സെഗ്മെന്‍റിലെ കെ10ബി എന്‍ജിന്‍ 67 പി.എസ് കരുത്തും 90 ന്യൂട്ടന്‍ മീറ്റര്‍ പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാന്വല്‍, എ.എം.ടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 23 കിലോമീറ്ററാണ് കമ്പനി വാകദാനം ചെയ്യുന്ന ഇന്ധനക്ഷമത. മണിക്കൂറില്‍ 150 കിലോമീറ്ററാണ് ടോപ് സ്പീഡ്. 4.20 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. സെലേറിയോയുടെ ക്രോസ്ഓവര്‍ വേര്‍ഷനാണ് സെലേറിയോ എക്‌സ്. 4.62 ലക്ഷം രൂപയാണ് എക്സിന്‍റെ വില. ബ്ലാക്ക് അലോയ് വീലുകള്‍, ഓട്ടോ ഗിയര്‍ ഷിഫ്റ്റ്, ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, റൂഫ് റെയിലുകള്‍, റിയര്‍ സ്‌പോയ്‌ലര്‍ എന്നിവയാണ് അഡീഷണല്‍ ഫീച്ചറുകള്‍. ബേസ് മോഡലായ 1.2 ലിറ്റര്‍ മാന്വല്‍ പെട്രോള്‍ വേരിയന്‍റിന് 4.20 ലക്ഷം രൂപയാണ് വില. സെലേറിയോ വി.എക്‌സ്‌.ഐ എ.എം.ടി, എം.ടി പെട്രോള്‍ വേരിയന്‍റുകള്‍ക്ക് യഥാക്രമം 4.96 ലക്ഷം രൂപയും 4.78 ലക്ഷം രൂപയുമാണ് വില

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10

ഇന്ത്യന്‍ ചെറുകാര്‍ വിപണിയില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു വാഹനമാണ് ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10. പവര്‍ സ്റ്റിയറിംഗ്, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, ഡ്രൈവര്‍ സൈഡ് ഫ്രണ്ട് എയര്‍ബാഗ്, ആന്‍റി തെഫ്റ്റ് സിസ്റ്റം തുടങ്ങി നിരവധി സവിശേഷതകള്‍ വാഹനത്തിനുണ്ട്‍. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 6,000 ആര്‍.പി.എമ്മില്‍ 82 പി.എസ് കരുത്തും 4,000 ആര്‍.പി.എമ്മില്‍ 113 എന്‍.എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ വാഹനത്തിന് കഴിയും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ചേര്‍ത്തിണക്കിയിരിക്കുന്നത്. 18.9 കിലോമീറ്ററാണ് ഇന്ധനക്ഷമത. 4.7 ലക്ഷം രൂപ മുതലാണ് വാഹനത്തിന്‍റെ വില ആരംഭിക്കുന്നത്.