എ.എം.ജി ശ്രേണിയിലെ രണ്ട് മോഡലുകൾ കൂടി ഇന്ത്യയിലെത്തിച്ച് മെഴ്‌സിഡസ് ബെൻസ്

 

കൊച്ചി: ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ മോഡലുകൾ കൂടി പുറത്തിറക്കി ആഢംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ്. എ.എം.ജി ശ്രേണിയിലെ സി 63 കൂപെ, റേസർമാർക്കു വേണ്ടിയുള്ള എ.എം.ജി ജി.ടി.ആർ കൂപെ എന്നിവയാണ് ഇന്ത്യയിലെത്തുന്ന പുതിയ ബെൻസ് മോഡലുകൾ.

സി 63 കൂപെ നാല് ലിറ്റർ വി8 ബൈടർബോ എഞ്ചിനുമായാണ് എത്തുന്നത്. 476 എച്ച്.പി ആണിതിന്റെ ശേഷി. പൂജ്യത്തിൽ നിന്ന് വെറും നാലു സെക്കന്റിൽ 100 കിലോ മീറ്റർ വേഗതയിലെത്താനാവുന്ന കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. 585 എച്ച്പി വി8 ബൈടർബോ എഞ്ചിനുമായി എത്തുന്ന ജി.ടി.ആർ കൂപെ 3.6 സെക്കന്റിൽ 100 കിലോമീറ്റർ വേഗതയിലെത്തും. മണിക്കൂറിൽ 318 കിലോമീറ്ററാണ് പരമാവധി വേഗത. മെഴ്സിഡസിന്റെ ഡിസൈനോ സംവിധാനത്തിൽ കസ്റ്റമറൈസേഷൻ നടത്താനും ഇരു കൂപെകൾക്കും സാധിക്കും. രണ്ടു വർഷത്തേക്ക് കിലോമീറ്റർ പരിധിയില്ലാതെ 97,000 രൂപയുടെ മെയിന്റനൻസ് പാക്കേജുകളും ഇരു മോഡലുകൾക്കും ലഭ്യമാണ്.

ഈ രണ്ടു മോഡലുകളുടെ അവതരണത്തോടെ പെർഫോമെൻസ് കാർ മേഖലയിലെ ശക്തമായ സാന്നിധ്യം കൂടുതൽ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മെഴ്‌സിഡസ് അധികൃതർ പറഞ്ഞു. 2019-ൽ 54 ശതമാനം വളർച്ചയാണ് കമ്പനി ഈ മേഖലയിൽ കൈവരിച്ചത്. ഏറ്റവും വിജയകരമായ സ്പോർട്ട്സ് കാർ, പെർഫോമെൻസ് ബ്രാൻഡ് തുടങ്ങിയ രീതികളിൽ എ.എം.ജി തങ്ങളുടെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.

പൂനെയിലുള്ള കേന്ദ്രത്തിൽ നിന്ന് ഇരു മോഡലുകളുടേയും ഡിജിറ്റൽ ലോഞ്ചിങ് മെഴ്സിഡസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടർ മാർട്ടിൻ ഷെവെക് നിർവഹിച്ചു. ആഡംബര പെർഫോമെൻസ് കാറുകളുടെ രംഗത്ത് തങ്ങളുടെ വിപണി മേധാവിത്തം ഉറപ്പിക്കാൻ എ.എം.ജി സഹായകരമായെന്ന് അദ്ദേഹം പറഞ്ഞു.