ഹീറോ മോട്ടോകോർപ്പ് പുതിയ പാഷൻ പ്രോ പുറത്തിറക്കി. ജയ്പൂരിൽ നടന്ന പരിപാടിയിലാണ് പുതിയ പാഷന്‍ പ്രോയെ ഹീറോ അവതരിപ്പിച്ചത്. പുതിയ ബി.എസ് 6 എന്‍ജിനിലാണ് പാഷന്‍ പ്രോ എത്തുക. 64,990 രൂപയാണ് എക്സ്ഷോറൂം വില. 110 സിസി എന്‍ജിനാണ് പുതിയ ഹീറോ പാഷൻ പ്രോയുടെ കരുത്ത്. 5,500 ആർ.പി.എമ്മിൽ 8.9 ബി.എച്ച്.പി പവറും 9.79 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. നവീകരിച്ച എന്‍ജിനുമായി എത്തുന്ന പുതിയ പാഷൻ പ്രോയ്ക്ക് മുന്‍ഗാമിയേക്കാള്‍ കുറഞ്ഞത് അഞ്ച് ശതമാനം മികച്ച ഇന്ധനക്ഷമത ഉണ്ടായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മികച്ച ഇന്ധനക്ഷമത കൈവരിക്കുന്നതിനായി i3S സാങ്കേതികവിദ്യയും സന്നിവേശിപ്പിച്ചിട്ടുണ്ട്.
ഒരു പുതിയ എന്‍ജിനു പുറമെ, പുതിയ ബി.എസ് 6 പാഷൻ പ്രോയില്‍ പുതിയ ട്രിപ്പിൾ ടോൺ പെയിന്റ് തീം, അപ്‌ഗ്രേഡ് ചെയ്ത ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ ഹെഡ്‌ലാമ്പ്, ടെയ്‌ലാമ്പ് എന്നിവയ്ക്കൊപ്പം വലിയ ഇന്ധന ടാങ്കുമുണ്ട്. സിറ്റി ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിൽ സസ്‌പെൻഷനിലും അല്പം മാറ്റം വരുത്തിയിട്ടുണ്ട്. ഗ്രൗണ്ട് ക്ലിയറൻസും ഏകദേശം 15 മില്ലീമീറ്റർ ഉയർത്തി. ഓട്ടോ സെയിൽ എന്ന സവിശേഷതയോടെയാണ് പുതിയ ഹീറോ പാഷൻ പ്രോ വരുന്നത്. ഈ സവിശേഷത കനത്ത ട്രാഫിക്കിൽ ബൈക്കിനെ കൈകാര്യം ചെയ്യുന്നത് അനായാസമാക്കും. സ്‌പോർട്‌സ് റെഡ്, ടെക്‌നോ ബ്ലൂ, മൂൺ യെല്ലോ, ഗ്ലേസ് ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് പുതിയ ഹീറോ പാഷന്‍ പ്രോ എത്തുക. ഡ്രം വേരിയന്റുകൾക്ക് 64,990 രൂപയും ഡിസ്ക് വേരിയന്റുകൾക്ക് 67,190 രൂപയുമാണ് വില.