സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 12 ആയി, പൊതുപരിപാടികൾ ഒഴിവാക്കി, അതീവ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 12 ആയി ഉയർന്നു. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഈ മാസം മുഴുവൻ ജാഗ്രത പുലർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ മാസത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി. ഏഴ് വരെയുള്ള ക്ലാസുകൾക്ക് നാളെ മുതൽ അവധി പ്രഖ്യാപിച്ചു. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ മാറ്റിവെച്ചു. അതേസമയം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കോളജുകളും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും

മദ്രസ അങ്കണവാടി, ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമായിരിക്കും. വിവാഹ ആഘോഷങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ശബരില തീർഥാടനം, ഉത്സവാഘോഷങ്ങൾ, കലാപരിപാടികൾ എല്ലാം മാർച്ച് 31 വരെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു

1116 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 149 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.