സ്വര്‍ണവില റെക്കോര്‍ഡില്‍. ആദ്യമായി ഗ്രാമിന് 4000 രൂപയിലെത്തി. പവന് വില 32,000 രൂപയാണ്. സംസ്ഥാനത്തെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ സ്വര്‍ണ വില വര്‍ധിച്ച് 31,800 രൂപയിലെത്തിയിരുന്നു. ഉച്ചക്ക് വില വീണ്ടും ഉയര്‍ന്ന് 32,000ത്തിലെത്തുകയായിരുന്നു. 520 രൂപയാണ് ഇന്ന് മാത്രം ഉയര്‍ന്നത്. എട്ട് ദിവസത്തിനുളളില്‍ 1600 രൂപയാണ് പവന് കൂടിയത്.
രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണം. അതേസമയം കൊറോണ വൈറസ് വ്യാപിക്കുന്നതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് രാജ്യാന്തര വിപണിയിലെ വില വര്‍ദ്ധനക്ക് കാരണം എന്നാണ് പറയപ്പെടുന്നത്.
ഈ മാസം തുടക്കം മുതലെ സ്വര്‍ണ വില മുപ്പതിനായിരത്തിന് മുകളിലായിരുന്നു. എന്നാല്‍ ഫെബ്രുവരി 5,6 തിയതികളില്‍ സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. 29,920 ആയിരുന്നു വില. ഈ മാസം രേഖപ്പെടുത്തുന്ന കുറഞ്ഞ വിലയായിരുന്നു അത്. അതിന് ശേഷം വീണ്ടും സ്വര്‍ണ വില ഉയരുകയായിരുന്നു. വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.