ഒഴിവാക്കാനാവുന്നതല്ല സംവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലത്തിലേക്ക് പിന്നോക്ക സമൂഹം ഇപ്പോഴും എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ സംവരണം ഒഴിവാക്കാനാവില്ലെന്നാണ് സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും നിലപാടെന്ന് പിണറായി വിജയന്‍ പറഞ്ഞു. പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപകന്‍ പൊയ്കയില്‍ ശ്രീകുമാരഗുരുവിന്റെ 142-ാം ജന്മദിന മഹോത്സവത്തോടനുബന്ധിച്ച നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നവോത്ഥാന കാലം മുതല്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെ തമസ്‌കരിക്കാനും നാടിനെ ഇരുണ്ടകാലത്തേക്ക് തള്ളിയിടാനും ബോധപൂര്‍വം ചില ശക്തികള്‍ ശ്രമം നടത്തുന്നുണ്ട്. ചാതുര്‍വര്‍ണ്യ വ്യവസ്ഥത തിരികെ കൊണ്ടുവരാന്‍ ശക്തമായ ശ്രമങ്ങള്‍ നടക്കുന്നു. എല്ലാ തരത്തിലുള്ള സംവാദം അടിച്ചമര്‍ത്താനും തമസ്‌കരിക്കപ്പെട്ട ജീര്‍ണ്ണതകള്‍ തിരികെ കൊണ്ടുവരാനും ശ്രമിക്കുന്നു. ഇത് വര്‍ഗീയശക്തികളുടെ കുടിലബുദ്ധിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.