വില അത്ഭുതപ്പെടുത്തുന്നത്, മൊത്തം ആറ് ക്യാമറകൾ; പോക്കോ X2 വിപണിയിൽ

പോക്കോ എന്ന ബ്രാൻറിന് കീഴിൽ രണ്ടാമത്തെ ഫോൺ പുറത്തിറങ്ങി. നേരത്തെ ഷവോമിയുടെ സബ് ബ്രാൻറായി പ്രവർത്തനം തുടങ്ങിയ പോക്കോയുടെ എഫ് 1 എന്ന ഫോൺ ഏറെ ജനപ്രീതി നേടിയിരുന്നു. പിന്നീട് ഈ ബ്രാൻറിൻറെ പുതിയ പ്രോഡക്ടുകൾ ഒന്നും എത്തിയില്ല. പിന്നീട് ഷവോമിയുടെ കീഴിൽ നിന്നും പോക്കോ സ്വതന്ത്ര്യ ബ്രാൻറാകുന്നു എന്ന വാർത്ത പുറത്തുവന്നു. അതിന് പിന്നാലെയാണ് 18 മാസങ്ങൾക്ക് ശേഷം പോക്കോ X2 എന്ന ഫോൺ അവതരിപ്പിച്ചത്.

മൂന്ന് പതിപ്പുകളാണ് പോക്കോ X2വിന് ഉള്ളത്. 6ജിബി റാം ശേഷിയാണ് ആദ്യത്തെ രണ്ട് മോഡൽ ഫോണിനും എന്നാൽ ഇൻറേണൽ മെമ്മറി ശേഷി അനുസരിച്ച് 64 ജിബി, 128 ജിബി, 256 ജിബി എന്നിങ്ങനെ തിരിക്കുന്നു. ഇതിൽ 256 ജിബി പതിപ്പിൻറെ റാം ശേഷി 8ജിബിയാണ്. ഇതിൽ 64 ജിബിയുടെ വില 15,999 രൂപയാണ്. 128 ജിബി പതിപ്പിൻറെ വില 16,999 രൂപയാണ്. 8ജിബി റാം പതിപ്പിന് വില 19,999 രൂപയാണ്. അറ്റ്‌ലാൻറിസ് ബ്ലൂ, മാട്രിക്‌സ് പർപ്പിൾ, ഫീനിക്‌സ് റെഡ് എന്ന നിറങ്ങളിൽ ഫോൺ ലഭിക്കും. ഫെബ്രുവരി 12 മുതൽ ഫ്‌ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന.

ആൻഡ്രോയ്ഡ് 9 ഒഎസിൽ പ്രവർത്തിക്കുന്ന പോക്കോ എക്‌സ് 2 വിൻറെ ക്യാമറയിലേക്ക് വന്നാൽ പിന്നിൽ നാല് സെൻസറാണ് ഈ ഫോണിനുള്ളത്. 64 എംപി പ്രധാന സെൻസർ സോണി ഐഎംഎക്‌സ് 686 സെൻസർ പിന്തുണ ഇതിനുണ്ട്. 8 എംപി ആൾട്രാ വൈഡാണ് രണ്ടാമത്തേത്, 2 എംപി മൈക്രോ ഷൂട്ടർ, 2എംപി ഡെപ്ക് സെൻസറും ഉണ്ട്. മുന്നിൽ സെൽഫിക്കായി രണ്ട് ക്യാമറകൾ ഉണ്ട് 20 എംപി പ്രൈമറി ക്യാമറയും, 2എംപി സെൻസറും. ഇൻ സ്‌ക്രീൻ ക്യാമറയാണ് മുന്നിൽ നോച്ചില്ലാത്ത ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്.

ക്യൂവൽ കോം സ്‌നാപ്ഡ്രാഗൺ 730 ജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചിപ്പ്. ഫോൺ ചൂടാകുന്നത് തടയാൻ ലിക്വിഡ് കൂൾ ടെക്‌നോളജിയും ഫോണിലുണ്ട്. 4500 എംഎഎച്ചാണ് ഫോണിൻറെ ബാറ്ററി ശേഷി. സി-ടൈപ്പാണ് ഇതിൻറെ യുഎസ്ബി സംവിധാനം.