കോവിഡിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ ‘കാര്‍ ബൂം’ ഉണ്ടാകുമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍

കോവിഡ് വ്യാപനത്തിന് ശേഷമുള്ള ഇന്ത്യയുടെ വാഹനവിപണിയില്‍ വന്‍ കുതിച്ചുചാട്ടത്തിന് സാധ്യതയെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ. ആദ്യം കോവിഡ് വ്യാപനം ഉണ്ടായ ചൈനയിലെ സൂചനകള്‍ അനുസരിച്ചാണ് ആര്‍.സി ഭാര്‍ഗവയുടെനിഗമനം. സ്വന്തം വാഹനത്തില്‍ യാത്രചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതം എന്ന ചിന്താഗതിയാകും ഇത്തരം കാര്‍ ബൂമിന് പിന്നില്‍ എന്ന സൂചനയുണ്ട്.

‘കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാവരും പാലിച്ച് പോകുന്ന സാമൂഹിക അകലം സ്വന്തം വാഹനങ്ങളിലേക്ക് ആളുകളെ ചുരുങ്ങാന്‍ പ്രേരിപ്പിക്കുന്നവയാണ്. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനും മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യാനും മടിക്കുന്ന ഈ പശ്ചാത്തലം കുറേയധികം നാളുകള്‍ കൂടി തുടരും. അതുകൊണ്ടുതന്നെ സ്വന്തം വാഹനം എന്ന ചിന്താഗതിയിലേക്ക് ആളുകള്‍ തിരിയും. ഇത് കാര്‍ വിപണിയെ വീണ്ടും സജീവമാക്കും.’ അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനത്തിന് ശേഷം തിരിച്ചുവന്ന ചൈനയില്‍ നിന്നുള്ള വിവരങ്ങളെ പരാമര്‍ശിച്ചാണ് മാരുതി സുസുക്കി ചെയര്‍മാന്‍ കാര്‍ ബൂമിനെക്കുറിച്ചുളള പ്രതീക്ഷകള്‍ പങ്ക് വെച്ചത്. ലോക്ഡൌണ്‍ പിന്‍വലിച്ചതിന് ശേഷം ചൈനയിലെ വാഹന വിപണിയില്‍ ഉണ്ടായ മാറ്റങ്ങള്‍ ഇന്ത്യയിലും ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. ’കോവിഡ് പശ്ചാത്തലത്തില്‍ ഉടലെടുത്ത സാമൂഹിക അകലം അവിടെ സാധാരണമായിക്കൊണ്ടിരിക്കുകയാണ് വ്യക്തിഗത വാഹനങ്ങൾ പൊതുഗതാഗതത്തേക്കാൾ സുരക്ഷിതമാണെന്ന് ചിന്ത ആളുകളില്‍ ഉടലെടുത്തു. ഇത് ഉപഭോഗ്താക്കളെ കാർ വാങ്ങുന്നതിന് പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെയാണ് ചൈനയില്‍ കാര്‍ വിപണിക്ക് വീണ്ടും ഡിമാന്‍ഡ് വര്‍ദ്ധിച്ചത്. അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മൊത്തം വാഹനവില്‍പ്പനയില്‍ 52 ശതമാനത്തിന്റെ ഇടിവാണ് മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മാരുതിക്ക് പുറമെ, ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌.യു.വി നിര്‍മാതാക്കളായ മഹീന്ദ്ര, ഇന്ത്യയിലെ മുന്‍നിര വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് എന്നിവയുടെയെല്ലാം പ്ലാന്റുകള്‍ അടഞ്ഞുകിടക്കുന്നതും വില്‍പനയെ ബാധിച്ചിട്ടുണ്ട്.