ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തിയാല്‍ കാണുന്നിടത്ത് മറിഞ്ഞുവീഴുന്നവരാണ് നമ്മില്‍ പലരും. അത് സോഫയാകാം, കിടക്കയാകാം, ചിലപ്പോള്‍ വെറും നിലത്തുമാകും. പലപ്പോഴും ആ കിടത്തത്തില്‍ നമ്മുടെ കൈയില്‍ ഫോണോ പത്രമോ ഉണ്ടാകും. ഇന്നത്തെ അവസ്ഥയില്‍ പൊതുവെ ഫോണായിരിക്കും. ഫോണില്‍ സ്‌ക്രോള്‍ ചെയ്യുന്നതിനിടെ മണിക്കൂറുകള്‍ പോകുന്നത് അറിയില്ല. ആ കിടത്തം പലപ്പോഴും കമിഴ്ന്നുമായിരിക്കും. ഭാവിയില്‍ വലിയ പ്രശ്‌നമായേക്കാവുന്ന പല മാറ്റങ്ങളും ദീര്‍ഘനേരത്തെ കിടത്തം കൊണ്ടുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രത്യേകിച്ച് കമിഴ്ന്നുള്ള കിടത്തം കാരണം.
കമിഴ്ന്നു കിടത്തം കാരണം നട്ടെല്ലിന്റെ സ്വാഭാവിക വളവില്‍ മാറ്റം വരികയും അത് കഴുത്ത്, പുറം വേദനകളിലേക്ക് നയിക്കുകയും ചെയ്യും. കമിഴ്ന്നുകിടക്കുമ്പോള്‍, കഴുത്ത് നീട്ടുകയും കാതുകള്‍ക്ക് സമാനമായി ചുമലുകല്‍ ഉയര്‍ത്തുകയും കൈ നിരപ്പായി വെക്കുകയും ചെയ്യും. ഇതെല്ലാം ശരീരത്തിലെ പ്രധാന സന്ധികളില്‍ സമ്മര്‍ദം വര്‍ധിപ്പിക്കും. ഈ നിലയില്‍ കിടന്ന് ലാപ്‌ടോപിലും മൊബൈലിലും മുഴുകുമ്പോള്‍ ഇരുന്ന് ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ കഴുത്ത്, പുറം വേദനകളുണ്ടാകും. നടുവിനും ഇടുപ്പിനും വേദന, ശോധന- ഉദര പ്രശ്‌നങ്ങള്‍ എന്നിവക്കും കാരണമാകും.