സ്ത്രീയുമായി നിരന്തരം ചാറ്റ്; യുവാവിനെ മാതാപിതാക്കൾ തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു

 

വിവാഹം ഉറപ്പിച്ചതിന് ശേഷവും ജോലിക്കൊന്നും പോകാതെ മറ്റൊരു സ്ത്രീയുമായി നിരന്തരം ഫോൺ ചാറ്റിലേർപ്പെട്ട യുവാവിനെ വീട്ടുകാർ തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലാണ് സംഭവം. രാമകൃഷ്ണ സിംഗ് എന്ന 25കാരനാണ് കൊല്ലപ്പെട്ടത്.

കൈയും കാലും കൂട്ടിക്കെട്ടിയ നിലയിൽ വീടിന് സമീപത്തെ പുഴയിൽ നിന്നാണ് ഇയാളുടെ മൃതദേഹം ലഭിച്ചത്. അന്വേഷണത്തിലാണ് ഇയാളുടെ മാതാപിതാക്കളും സഹോദരിയും കുടുങ്ങിയത്. പിതാവ് ഭീമൻ സിംഗ്, അമ്മ ജമുനാ ഭായ്, സഹോദരി കൃഷ്ണ ഭായ് എന്നിവർ കുറ്റം സമ്മതിച്ചു

ഭീമൻ സിംഗുമായി രാമകൃഷ്ണ വഴക്കിടുകയും ഭീമൻ മകന്റെ തല ഭിത്തിയിൽ ചേർത്ത് ഇടിക്കുകയും ചെയ്തു. ഇതിൽ ഇയാൾ മരണപ്പെട്ടു. മരിച്ചുവെന്ന് ഉറപ്പായതോടെ ഭാര്യയുടെയും മകളുടെയും സഹായത്തോടെ മൃതദേഹം ഭീമൻ സിംഗ് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു.