തമിഴ്‌നാട് ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ചികിത്സയിലുള്ളവരില്‍ ചിലരുടെ നില ഗുരുതരമാണ്.
കാരക്കുടി കുമ്പന്‍കുടി പാലത്ത് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം. തിരുപ്പൂരില്‍ നിന്ന് കാരക്കുടിയിലേയ്ക്ക് പോയ ബസും കാരക്കുടിയില്‍ നിന്ന് ദിണ്ടിഗലിലേയ്ക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്.
നാച്ചിയാര്‍പുരത്ത് നിന്നെത്തിയ പൊലിസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി. എട്ടുപേര്‍ അപകട സ്ഥലത്തും മൂന്നുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. എട്ടു സ്ത്രീകളും ഒരു കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടും. പരുക്കേറ്റവര്‍ കാരക്കുടി, തിരുപ്പത്തൂര്‍ ആശുപത്രികളിലും ശിവഗംഗ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.






