മന്ത്രിസഭ തയ്യാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗത്തിലെ മൂന്ന് ഭാഗങ്ങളിലെ കേന്ദ്ര വിമർശനം പൂർണമായും വായിക്കാതെ ഗവർണർ. ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി നയപ്രഖ്യാപനം പൂർണമായി അംഗീകരിക്കണമെന്ന് സഭയില്‍ ആവശ്യപ്പെട്ടു. സ്പീക്കറും ഗവർണറുടെ നടപടിയെ വിമർശിച്ചു.സാധാരണപോലെ കടന്നുപോയെന്ന് തോന്നിച്ച നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞായിരുന്നു അപ്രതീക്ഷിത ട്വിസ്റ്റ്. പ്രസംഗം പൂർത്തിയാക്കി മടങ്ങിയ ഗവർണറെ യാത്രയാക്കിയ ശേഷം മടങ്ങിവന്ന മുഖ്യമന്ത്രിയാണ് പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയെന്നും ചില ഭാഗത്ത് കൂട്ടിച്ചേർക്കൽ നടത്തിയെന്നും സഭയെ അറിയിച്ചത്. പ്രസംഗത്തിലെ 12,15,16 ഖണ്ഡികകളിലാണ് ഒഴിവാക്കലും കൂട്ടിചേർക്കലും നടന്നതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മന്ത്രിസഭ അംഗീകരിച്ച പ്രസംഗം അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മന്ത്രിസഭ തയ്യാറാക്കി നൽകിയ പ്രസംഗത്തിലെ ഒഴിവാക്കലും കൂട്ടിച്ചേർക്കലും രേഖകളിൽ ഉണ്ടാകില്ലെന്ന് സ്പീക്കറും വ്യക്തമാക്കി. എല്ലാ കാര്യങ്ങളിലും ഒത്തുതീർപ്പിലെത്തുന്ന ഗവർണറും സർക്കാരും തമ്മിലുളള ഏറ്റുമുട്ടൽ പരിഹാസ്യമാണെന്നായിരുന്നു പ്രതിപക്ഷ നിലപാട്. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നടപടികളോട് ലോക്ഭവൻ പ്രതികരിച്ചിട്ടില്ല.









