Headlines

‘വർഗീയത പടർത്താൻ പാർട്ടികൾ തന്നെ രൂപീകരിച്ച നാടാണ് കേരളം, അതിനെയെല്ലാം പ്രതിരോധിച്ചത് ലീഗ് ആണ്’; പി കെ കുഞ്ഞാലിക്കുട്ടി

സർക്കാരിൻറെ മതേതര മുഖം നഷ്ടപ്പെട്ടുവെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇങ്ങനെ ഒരു കാലം ഉണ്ടായിട്ടില്ല. സർക്കാരിൽ നിന്ന് അടിക്കടി ഇത്തരം പ്രവണതകൾ ഉണ്ടാകും. കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ഇങ്ങനെ സംഭവിക്കുന്നത് അവിശ്വസനീയം. സർക്കാരിന് ജീവൻ നഷ്ടപ്പെട്ടത് സഭയിൽ പ്രകടം. ലക്ഷ്യബോധമില്ലാതായി.ന്യൂനപക്ഷ വർഗീയതയെ പ്രതിരോധിച്ചത് മുസ്ലിം ലീഗാണ്. വർഗീയത പടർത്താൻ പാർട്ടികൾ തന്നെ രൂപീകരിച്ച നാടാണ് കേരളം. അതിനെയെല്ലാം പ്രതിരോധിച്ചത് ലീഗ് ആണ്. അതുകൊണ്ടാണ് കേരളത്തിന്റെ മതേതര ഹൃദയത്തിലാണ് ലീഗിന് സ്ഥാനം കിട്ടിയത്. ലീഗിന്റെ മുഖം വികൃതമാക്കാൻ ആർക്കും കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ചില കാര്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ രാഷ്ട്രീയ അന്തരീക്ഷം ആകാൻ ഇടം നൽകുന്നതാണ് എന്നു മനസിലാക്കി പിൻവാങ്ങാൻ ആർജ്ജവം കാട്ടിയ പാർട്ടിയാണ് ലീഗ്. മതേതരത്വത്തിന് ആകുന്ന ഒന്നിനെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല. കേരളത്തെ മതേതര കേരളവുമായി നിലനിർത്താൻ എന്തു വിലയും കൊടുക്കും. അതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

അതേസമയം നയപ്രഖ്യാപനത്തിൽ സർക്കാർ തെറ്റായ അവകാശവാദം ഉന്നയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. തെറ്റായ കാര്യങ്ങൾ ഗവർണറെ കൊണ്ട് വായിപ്പിച്ചാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. 52,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. നയപ്രഖ്യാപന പ്രസംഗത്തിൽ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. ഇപ്പോൾ വേറെ കണക്കുകൾ പറയുന്നുവെന്നും വി ഡി സതീശൻ വിമർശിച്ചു.തെറ്റായ അവകാശവാദങ്ങൾ കുത്തിനിറച്ച നയ പ്രഖ്യാപനം. സർക്കാർ പാവങ്ങളെ കബളിപ്പിക്കുന്നു. അർദ്ധ സത്യങ്ങളാണ് നയപ്രഖ്യാപനം. സാമ്പത്തികമായി കേരളം തകർന്ന് തരിപ്പണമായി. തകർന്ന് തരിപ്പണമായി നിൽക്കുന്നത് നാല് വർഷ കോഴ്‌സുകളും ഉന്നത വിദ്യാഭ്യാസ രംഗവുമാണ്, ഒരു സർക്കാരിന്റെ പരാജയം വരികൾക്കിടയിലൂടെ മുഴച്ച് നിൽക്കുന്നു.

സജി ചെറിയാനെ മന്ത്രി സഭയിൽ ഇരുത്തിയാണ് നയപ്രഖ്യാപനത്തിൽ മതേതരത്വം പറയുന്നത്. സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ആസൂത്രിതമായി നടത്തുന്ന ഭൂരിപക്ഷ പ്രീണനമാണ് സിപിഐഎം നടത്തുന്നത്. നേരത്തെ മുഖ്യമന്ത്രി ഡൽഹിയിൽ വെച്ച് ഇംഗ്ലീഷിന് പത്രത്തിന് ഇതേ മട്ടിൽ ലഘു വിവരണം കൊടുത്തു.

അത് നിഷേധിച്ചു എങ്കിലും കേരളത്തിൽ വന്ന് ചില സമുദായ നേതാക്കളെ കൊണ്ട് പറയിച്ചു. ഇപ്പോൾ സജി ചെറിയാനും പറയുന്നു. ജയിച്ചു വന്നവരുടെ ജാതി നോക്കാനാണ് ഒരു മന്ത്രി പറയുന്നത്. ഭരണഘടന ലംഘനവും സത്യപ്രതിജ്ഞ ലംഘനവുമാണ് മന്ത്രി നടത്തിയത്. പദവിയിലിരിക്കാൻ മന്ത്രി യോഗ്യനല്ല. പറഞ്ഞിട്ട് എത്ര മണിക്കൂർ ആയി. തിരുത്താൻ പോലും തയ്യാറല്ലെന്നും സതീശൻ വിമർശിച്ചു.

ശബരിമല സ്വർണക്കൊള്ളയിലെ ഹൈക്കോടതി ഉത്തരവ് അതീവ ഗൗരവതരം. ഒറിജിനൽ പാളി അവിടെനിന്ന് കടത്തിയെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. സ്വർണ്ണപ്പാളി കോടീശ്വരന് വിറ്റു എന്ന പ്രതിപക്ഷ ആരോപണത്തിന് അടിവര ഇടുന്നതാണ് കോടതിയുടെ ഈ നിരീക്ഷണം. ഗുരുതരമായ കണ്ടെത്തലുകൾ ആണ് കോടതി നടത്തിയിരിക്കുന്നത്.ഒറിജിനൽ പാളി കടത്തി എന്ന് പറഞ്ഞിരിക്കുന്നു. തന്ത്രിക്ക് വാജി വാഹനം കൈമാറിയത് ഹൈക്കോടതി വിധി പ്രകാരം. അതിൽ സിപിഐഎം മെമ്പർ കൂടി പങ്കെടുത്തു. താന്ത്രിക വിധിപ്രകാരമാണ് വാജി വാഹനം കൈമാറിയത്. പരസ്യമായാണ് വാഹനം കൈമാറിയത്. മൂന്ന് സിപിഐഎം നേതാക്കൾ അകത്താണ്. കൂടുതൽ പേരുകൾ വരുമെന്ന പേടിയാണ്. SIT അന്വേഷണം മന്ദഗതിയിലാണ് നടകുന്നത്. അന്വേഷണം ശരിയായി നടക്കുമെന്ന് വിചാരിക്കുന്നുവെന്നും സതീശൻ വ്യക്തമാക്കി.

ഗവർണർ സർക്കാർ തർക്കം എന്നു കേട്ടാൽ ജനങ്ങൾ ചിരിക്കും. ഏത് രാത്രിയിലും സെറ്റിൽമെൻ്റ് ആകും. സമുദായ നേതാക്കൾ വർഗീയത പറഞ്ഞാൽ എതിർക്കും. അതിൽ മാറ്റമില്ല. UDF ൻ്റെ നിലപാടാണത്. ഞാൻ വിമർശനത്തിന് അതീതനല്ല. സമുദായ നേതാക്കൾക്കും രാഷ്ട്രീയ നേതാക്കൾക്കും വിമർശിക്കാം. അതിലൊന്നും കുഴപ്പമില്ല.

അവർ ഉപയോഗിച്ച് ഭാഷ ഞാൻ ഉപയോഗിക്കില്ല. സമുദായ നേതാക്കളുടെ വിമർശനം യുഡിഎഫിന് എതിരാണെന്ന് കരുതുന്നില്ല. ചിലപ്പോൾ എന്നെ ഇഷ്ടമല്ലാഞ്ഞിട്ടായിരിക്കും. ചിലർക്ക് അങ്ങനെ ഉണ്ടല്ലോ നമ്മുടെ ഇഷ്ടം ആവില്ല. യുഡിഎഫിന് എതിരായിരിക്കില്ല. യുഡിഎഫ് ടീംയുഡിഎഫ് ആയാണ് പോകുന്നത്. സംഘടനകൾ ഐക്യപ്പെട്ടാൽ ഒരു കുഴപ്പവുമില്ല. ആരും ഭിന്നിക്കരുതെന്നും സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം നിയമസഭയിൽ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമ്മേളനത്തിന് മുന്നോടിയായുള്ള നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ മാറ്റം വരുത്തുകയും ചില ഭാഗങ്ങൾ വായിക്കാതെ വിടുകയും ചെയ്തു. തുടർന്ന് ഗവർണർ വായിക്കാതെ വിട്ട ഭാഗം മുഖ്യമന്ത്രി വായിച്ചു. ഗവർണർ കേന്ദ്ര വിമർശനം വായിക്കാതെ വിട്ടതിൽ എതിർപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തുകയായിരുന്നു. സ്പീക്കറും ഗവർണറുടെ നീക്കത്തിൽ പ്രതികരിച്ചു. വായിക്കാതെ വിട്ടതും അംഗീകരിക്കണമെന്നും സർക്കാർ അംഗീകരിച്ച പ്രസംഗം മുഴുവൻ വായിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാഗമാണ് ഗവർണർ വായിക്കാതെ വിട്ടത്.