പ്രഭാത വാർത്തകൾ

 

🔳ഒമിക്രോണ്‍ വ്യാപനം തടയാനുള്ള ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ പാലിക്കാതെ ആയിരക്കണക്കിനു പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് സിപിഎം ജില്ലാ സമ്മേളനങ്ങള്‍. ഇന്നലെ കോഴിക്കോട് കടപ്പുറത്ത് സിപിഎമ്മിന്റെ പൊതുസമ്മേളനത്തില്‍ ആയിരങ്ങളാണു പങ്കെടുത്തത്. പൊതുവിടങ്ങളില്‍ പരമാവധി 150 പേര്‍ മാത്രമേ പങ്കെടുക്കാവൂവെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ലംഘിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തതു മുഖ്യമന്ത്രി പിണറായി വിജയന്‍. ഒമിക്രോണ്‍ ജാഗ്രത കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

🔳തിരുവനന്തപുരം പാറശ്ശാലയില്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിരയില്‍ പങ്കെടുത്ത 550 പേര്‍ക്കെതിരേ കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീര്‍ ഡിജിപിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

🔳കെ റെയിലിനു കല്ലുകള്‍ സ്ഥാപിക്കുന്നതു ഹൈക്കോടതി വിലക്കിയെങ്കിലും സര്‍ക്കാര്‍ രണ്ടു ജില്ലകളില്‍കൂടി സാമൂഹികാഘാത പഠനത്തിന് ഉത്തരവിട്ടു. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് സാമൂഹികാഘാത പഠനം. നേരത്തെ തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിന് ഉത്തരവിട്ടിരുന്നു. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക.

🔳ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതികള്‍ക്കെതിരേ കോടതി പരിസരത്ത് ആക്രമണശ്രമം. പ്രതികള്‍ക്കെതിരേ പാഞ്ഞടുത്ത എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. കട്ടപ്പന കോടതി പ്രതികളായ നിഖില്‍ പൈലിയേയും ജെറിന്‍ ജോജോയേയും ഈ മാസം 25 വരെ റിമാന്‍ഡ് ചെയ്തു.

🔳ധീരജ് കൊലക്കേസ് അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ധീരജിനെ കുത്തിയതെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. നിഖില്‍ പൈലിയാണ് കുത്തിയതെന്നും ജെറിന്‍ ജോജോ ഒപ്പമുണ്ടായിരുന്നുവെന്നും ഒളിവിലുള്ള നാലു പ്രതികളെകൂടി പിടികൂടാനുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳തന്നെ ആക്രമിക്കാന്‍ ഒരു സംഘം ആളുകള്‍ ഓടിയടുത്തപ്പോള്‍ ഓടി രക്ഷപ്പെടുക മാത്രമാണ് ചെയ്തതെന്ന് ധീരജ് വധക്കേസിലെ പ്രതി നിഖില്‍ പൈലി കോടതിയില്‍. ഓടി രക്ഷപ്പെട്ട താനാണ് കോളജില്‍ അടി നടക്കുന്ന വിവരം പൊലീസില്‍ അറിയിച്ചത്. ധീരജിനെയുംകൊണ്ട് വാഹനം കടന്നുപോകുന്നതുവരെ കത്തിക്കുത്ത് നടന്ന വിവരം അറിഞ്ഞില്ലെന്നു ജെറിന്‍ ജോജോ കോടതിയില്‍ പറഞ്ഞു.

🔳മൂവാറ്റുപുഴയില്‍ സിപിഎം- കോണ്‍ഗ്രസ് കൂട്ടത്തല്ലില്‍ നിരവധി പേര്‍ക്കു പരിക്ക്. മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കും ഡിവൈഎസ്പി അജയ്നാഥ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകര്‍ കൊടിമരം തകര്‍ത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം സിപിഎം ഓഫീസിനു മുന്നില്‍ എത്തിയപ്പോഴാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

🔳കോവിഡ് മൂന്നാം തരംഗത്തില്‍ രാജ്യത്തെ ഭൂരിപക്ഷം പേര്‍ക്കും കൊവിഡ് ബാധിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. ഗുരുതര ലക്ഷണം ഇല്ലാതെ മിക്കവര്‍ക്കും കൊവിഡ് ബാധിക്കുമെന്ന് ഐസിഎംആറിലെ ഡോ. ജയ്പ്രകാശ് പറഞ്ഞു. പ്രതിദിന കൊവിഡ് കേസുകളില്‍ 16 ശതമാനം വര്‍ധനയുണ്ടായി. ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

🔳ചാന്‍സലറുമായി തര്‍ക്കത്തിനില്ലെന്നും ചാന്‍സലറും വിസിയും ഒന്നിച്ചുപോകണമെന്നും കേരള സര്‍വ്വകലാശാലാ സിന്‍ഡിക്കറ്റ്. ഡി ലിറ്റ് വിവാദത്തില്‍ ചാന്‍സലറും സര്‍വ്വകലാശാലയും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് അടിയന്തര സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്നത്. ഇടതുപക്ഷ അംഗങ്ങളുടെ ആവശ്യപ്രകാരമായിരുന്നു യോഗം. ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പ്രകോപനമില്ലാതെ യോഗം അവസാനിച്ചു.

🔳മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായി ശനിയാഴ്ച അമേരിക്കയിലേക്കു പോകും. 29 നു തിരിച്ചെത്തും. 14 ദിവസം മാറി നില്‍ക്കുമെങ്കിലും മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും കൈമാറില്ല. ഓണ്‍ലൈനായി നിയന്ത്രിക്കും. ബുധനാഴ്ചകളിലെ മന്ത്രിസഭായോഗവും ഓണ്‍ലൈനായിത്തന്നെ നടത്തും.

🔳കൊലപാതകത്തിനു കോണ്‍ഗ്രസ് പ്രോല്‍സാഹനം നല്‍കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധീരജിനെ മരണം ഇരന്ന് വാങ്ങിയവനെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിച്ചത്. കുറ്റം ചെയ്തവരെ തള്ളിപ്പറയുന്നില്ല. സംഘര്‍ഷത്തിലുടെയും കലാപത്തിലൂടെയും എന്തെങ്കിലും നേടാമെന്ന് കരുതേണ്ട. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. മുഖ്യമന്ത്രി പറഞ്ഞു.

🔳നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്കു കടക്കാനിരുന്ന എന്‍ഐഎ കുറ്റവാളിയെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. തൃശൂര്‍ ചാവക്കാട് സ്വദേശി അബ്ദുള്‍ സമീഹ് എന്ന മുപ്പത്തിനാലുകാരനെയാണ് പിടികൂടിയത്. നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇയാളെ വിസ റദ്ദാക്കി നാടുകടത്തിയിരുന്നു. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് മാലിയിലെത്തി ഗള്‍ഫിലേക്കു കടക്കാനായിരുന്നു ശ്രമം.

🔳സ്വര്‍ണ്ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ഹവാല പണം തട്ടുന്ന വന്‍ സംഘത്തിലെ അംഗങ്ങളാണു പിടിയിലായത്. കാസര്‍കോട് കുമ്പള സ്വദേശി സഹീര്‍, കണ്ണൂര്‍ പുതിയതെരു സ്വദേശി മുബാറക്ക് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത് നാല് പേര്‍ ഓടി രക്ഷപ്പെട്ടു. ബംഗളൂരുവില്‍ കവര്‍ച്ചാപദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് അറസ്റ്റ്.

🔳സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണത്തിനെതിരെ എറണാകുളം ബിഷപ് ഹൗസില്‍ വൈദികരുടെ നിരാഹാര സമരം. ഇന്നലെ രാത്രി ഒമ്പതോടെയാണു സമരം തുടങ്ങിയത്. ജനാഭിമുഖ കുര്‍ബാന തുടരണമെന്നാണ് ആവശ്യം. ഏകീകൃത കുര്‍ബാന അരുതെന്നും ഭൂമി വിവാദത്തില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ രാവിലെ മുതല്‍ ഉപവാസം നടത്തിയിരുന്നു.

🔳ആലപ്പുഴ തുറവൂര്‍ സ്വദേശിയായ എസ് സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍. കെ ശിവന്‍ സ്ഥാനമൊഴിയുകയാണ്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. സോമനാഥ് തിരുവനന്തപുരം വിഎസ്എസ്‌സി ഡയറക്ടറാണ്.

🔳സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ ബുധനാഴ്ചകളില്‍ ഖാദി വസ്ത്രം ധരിക്കണമെന്ന് ചീഫ് സെക്രട്ടറി. കോവിഡ് വ്യാപനംമൂലം കൈത്തറി മേഖല പ്രതിസന്ധിയിലായിരിക്കേയാണ് ചീഫ് സെക്രട്ടറി വി.പി. ജോയ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

🔳പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്ത പ്രതി അബ്ദുള്‍ ഹക്കീമിന് പാലക്കാട് ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ജാമ്യം നല്‍കി. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാളാണ് എസ്ഡിപിഐ മലപ്പുറം പുത്തനത്താണി ഏരിയ പ്രസിഡന്റായ അബ്ദുല്‍ ഹക്കീം. കൊലപാതകത്തില്‍ പങ്കെടുത്ത രണ്ടുപേരെക്കൂടി ഇനിയും പിടികൂടാനുണ്ട്.

🔳രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് സമസ്ത. സംഘടനക്കകത്ത് ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതകളില്ലെന്നും കോഴിക്കോട് ചേര്‍ന്ന സമസ്തയുടെ പണ്ഡിത സഭയായ മുശാവറ വിലയിരുത്തി. മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രവര്‍ത്തകര്‍ നടത്തുന്ന അനാവശ്യ ചര്‍ച്ചകള്‍ വിലക്കിയിട്ടുണ്ട്.

🔳എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ കൊലപാതകം പെട്ടെന്നുണ്ടായ പ്രകോപനം മൂലമെന്ന ഇടുക്കി ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസ്വാമിയുടെ നിഗമനം തെറ്റെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. അന്വേഷണം തുടങ്ങുമ്പോഴേ നിഗമനത്തില്‍ എത്തേണ്ട. മുന്‍വിധികളോടെ സംസാരിക്കുകയും വേണ്ട. അദ്ദേഹം പറഞ്ഞു.

🔳എറണാകുളം മഹാരാജാസ് കോളജില്‍ കെഎസ് യു പ്രവര്‍ത്തകരെ ആക്രമിച്ച എട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒളിവിലാണെന്ന് പോലീസ്. അന്വേഷണം തുടരുന്നുണ്ടെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ്.

🔳മലപ്പുറം എടവണ്ണക്കടുത്ത് കിഴക്കേ ചാത്തല്ലൂരില്‍ തീ പൊള്ളലേറ്റ് യുവാവ് മരിച്ച നിലയില്‍. ഹോട്ടല്‍ തൊഴിലാളിയായ ഷാജി (42) ആണ് മരിച്ചത്. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികള്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണ് സാക്ഷി മൊഴി.

🔳ഹരിപ്പാട് മുട്ടത്ത് വൃദ്ധമാതാവിനെ മര്‍ദ്ദിച്ച സൈനികന്‍ അറസ്റ്റില്‍. ആലക്കോട്ടില്‍ നാരായണപിള്ളയുടെ ഭാര്യ ശാരദാമ്മയെ (70) മര്‍ദ്ദിച്ചെന്ന കേസില്‍ ഇളയമകന്‍ സുബോധി(37)നെ കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.

🔳തുര്‍ക്കിയില്‍ രണ്ടു കോടി രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്കു മുങ്ങിയെന്നു പരാതി. ലുലു ഗ്രൂപ്പിന്റെ തുര്‍ക്കി ഇസ്താംബുളിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്മോനെതിരേയാണ് പരാതി. ഇസ്താംബുള്‍ പോലീസ്, ഇന്ത്യന്‍ എംബസി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു.

🔳മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള സര്‍വ്വേയുടെ ഭാഗമായുള്ള യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എന്‍എസ്എസ്. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എംആര്‍ ഹരിഹരന്‍ കമ്മീഷന്‍ 18 നു വിളിച്ച യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണമാണ് എന്‍എസ്എസ് തള്ളിയത്. സര്‍വ്വേ പ്രകാരം യഥാര്‍ത്ഥ പിന്നോക്കക്കാരെ കണ്ടെത്താനാകില്ലെന്നാണ് എന്‍എസ്എസ് നിലപാട്.

🔳നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ പ്രതി ദിലീപ് വകവരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ആറര മണിക്കൂറെടുത്താണു 51 പേജുകളിലായി മൊഴി രേഖപ്പെടുത്തിയത്. ദിലീപിനെ പരിചയപ്പെട്ടതു മുതലുള്ള കാര്യങ്ങള്‍ കോടതിയെ അറിയിച്ചെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതിനിടെ, പ്രതി പള്‍സര്‍ സുനി അമ്മയ്ക്ക് എഴുതിയ കത്തിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ ജയിലില്‍ പൊലീസ് പരിശോധന നടത്തി.

🔳ട്രിവാന്‍ഡ്രം കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്കു കോവിഡ്. കോളജ് അടച്ച് ക്ലാസുകള്‍ ഓണ്‍ലൈനാക്കി.

🔳മലപ്പുറം തിരൂരില്‍ മൂന്നു വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഷെയ്ക്ക് സിറാജാണ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛന്‍ മുങ്ങി. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അമ്മ പശ്ചിമബംഗാള്‍ സ്വദേശി മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

🔳പിജി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥിനിക്ക് അവസരം നഷ്ടപ്പെടാതിരിക്കാന്‍ ഡിഗ്രി മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാനുള്ള കാലാവധി ഏതാനും മാസങ്ങള്‍ കൂടി നീട്ടി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ക്കാണ് കമ്മീഷന്റെ ഉത്തരവ്. കോഴിക്കോട് എന്‍ ഐ റ്റി സ്വദേശിനി എ. ഇര്‍ശാന സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

🔳തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനെയാണ് ആക്രമിച്ചത്. സുനീര്‍, സുല്‍ഫിര്‍ എന്നിവരെ പോലീസ് തെരയുന്നു. ഇവരുടെ കട ആക്രമിച്ച സംഘത്തില്‍ മാലിക്ക് ഉണ്ടെന്നാരോപിച്ചാണ് വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.

🔳കായംകുളത്തു കെപിഎസിയുടെ ആസ്ഥാനമന്ദിരവും അതിനു മുന്നിലെ സ്തൂപവും പൊളിച്ചുനീക്കി. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ആസ്ഥാനമന്ദിരവും സ്തൂപവും പൊളിച്ചത്. 1980 ലാണ് ഈ സ്തൂപം സ്ഥാപിച്ചത്. 1984 ലാണ് ആസ്ഥാന മന്ദിരം സ്ഥാപിച്ചത്.

🔳മൂന്നാര്‍ വട്ടവട വില്ലേജ് ഓഫീസില്‍ മദ്യ ലഹരിയിലായിരുന്ന ഉദ്യോഗസ്ഥനെയും ഇടനിലക്കാരനെയും നാട്ടുകാര്‍ പിടികുടി. വട്ടവട വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് റെജിഷ് ആണ് മദ്യപിച്ച് ഓഫീസിലുണ്ടായിരുന്നത്. കരം അടയ്ക്കാന്‍ എത്തിയ ആളാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയത്. ഓഫീസിനു പുറത്ത് മദ്യകുപ്പിയും കണ്ടെത്തി.

🔳മത്സ്യത്തൊഴിലാളികളുടെ വായ്പ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയം ജൂണ്‍ 30 വരെ ആറുമാസത്തേക്കു നീട്ടി.

🔳അബദ്ധത്തില്‍ ട്രെയിന്‍ മാറിക്കയറി ആലപ്പുഴയിലെത്തിയ ഉത്തര്‍ പ്രദേശ് സ്വദേശിനിയും മക്കളും ഒരു വര്‍ഷത്തിന് ശേഷം ജന്മനാട്ടിലേയ്ക്ക് മടങ്ങി. ഗോരഖ്പൂര്‍ ജര്‍വ്വ സ്വദേശിയായ രാമ (38), മക്കള്‍ നന്ദിനി, അരുണ്‍ എന്നിവരെ വാര്‍ഡ് കൗണ്‍സിലര്‍ റഹിയാനത്തിന്റെ നേതൃത്വത്തില്‍ യാത്രയാക്കി. അമ്മയെ കാണാന്‍ ന്യൂഡല്‍ഹിയിലേക്കു തിരിച്ച രാമയും മക്കളും അബന്ധത്തില്‍ ട്രെയിന്‍ മാറിക്കയറി ആലപ്പുഴയില്‍ എത്തിയത് കഴിഞ്ഞ വര്‍ഷം ജനുവരി 11 നാണ്. ഇവരെ മഹിള മന്ദിരത്തില്‍ എത്തിച്ചു. ഒരു വര്‍ഷമായി ബന്ധുക്കളെ അറിയിക്കാനുള്ള ശ്രമമായിരുന്നു. അവരുടെ നാട്ടിലെ പോലീസിന്റെ സഹായത്തോടെ ഭര്‍ത്താവ് കിഷന്‍കുമാറിനെ ബന്ധപ്പെട്ടു. അങ്ങനെയാണു നാട്ടിലേക്കു മടങ്ങാനായത്.

🔳മകരസംക്രാന്തി ദിനമായ നാളെ നടക്കുന്ന സൂര്യ നമസ്‌കാരത്തില്‍ ഒരു കോടിയിലധികം പേര്‍ പങ്കെടുക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍. ആഗോള സൂര്യ നമസ്‌കാര പരിപാടിയില്‍ 75 ലക്ഷം പേരെ പങ്കെടുപ്പിക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്.

🔳നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി. തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് ഛന്നി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡല്ല, പഞ്ചാബിലെ ജനങ്ങളാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് പിസിസി പ്രസിഡന്റ് നവജ്യോത്സിംഗ് സിദ്ദു പ്രതികരിച്ചു.

🔳ഉത്തര്‍പ്രദേശില്‍ മന്ത്രിസഭയില്‍നിന്നു രാജിവച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന സ്വാമി പ്രസാദ് മൗര്യക്കെതിരേ കേസ്. 2014 ല്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനാണു ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. അറസ്റ്റു വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

🔳അതിര്‍ത്തിയില്‍ ചൈനീസ് ഭീഷണി കുറഞ്ഞിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും കരസേന മേധാവി ജനറല്‍ എം.എം നരവനെ. ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. വടക്കന്‍ അതിര്‍ത്തിയില്‍ സൈനിക സന്നാഹം തുടരും. ഭീകരതയ്ക്കതിരെ വീട്ടുവീഴ്ചയില്ലാത്ത നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

🔳രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ വന്‍കിട വ്യവസായങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങള്‍ക്കു മുന്‍കൂറായി പണം നല്‍കണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ചെറുകിട സ്ഥാപനങ്ങളുടെ വളര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് അനിവാര്യമാണ്. വന്‍കിട വ്യവസായ സംഘടനകളുടെ മേധാവികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു മന്ത്രി.

🔳വോഡഫോണ്‍ ഐഡിയ കമ്പനി സര്‍ക്കാരിനു നല്‍കാനുള്ള 16,000 കോടി രൂപ ഓഹരിയായി നല്‍കുമെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയെ കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പെടുത്തില്ലെന്നു സിഇഒ രവീന്ദര്‍ തക്കാര്‍. കേന്ദ്രസര്‍ക്കാരിനു വൊഡഫോണ്‍ ഐഡിയ കമ്പനിയില്‍ 35.8 ശതമാനം ഓഹരിയുണ്ടാകും.

🔳സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡ് സ്വകാര്യവല്‍ക്കരണം കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എംപ്ലോയീസ് യൂണിയന്‍ കോടതിയെ സമീപിച്ചതാണു കാരണം. സ്വകാര്യവത്കരിക്കുന്നതിന് ലഭിച്ച ടെണ്ടറുകളില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 210 കോടി രൂപ വാഗ്ദാനം ചെയ്തത് നന്ദാല്‍ ഫിനാന്‍സ് ആന്‍ഡ് ലീസിംഗ് കമ്പനിയാണ്. ഇതു വളരെ കുറവാണെന്ന് തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു.

🔳പാക് താലിബാന്റെ ഉന്നത നേതാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. മുന്‍ കമാണ്ടറും ഔദ്യോഗിക വക്താവുമായ മുഹമ്മദ് ഖുറെസാനി എന്ന ഖാലിദ് ബാള്‍ട്ടിയാണു പാക് അതിര്‍ത്തിയോട് ചേര്‍ന്ന അഫ്ഗാന്‍ പ്രദേശത്ത് വെടിയേറ്റു മരിച്ചത്. പാക് സൈനിക വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

🔳ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് നാട്ടുകാര്‍ക്കും പരിക്കേറ്റു. തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യം ഒരു ഭീകരനെ വധിച്ചു.

🔳താലിബാന്‍ സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനായ അഫ്ഗാന്‍ സര്‍വകലാശാലാ പ്രൊഫസറെ ജയിലില്‍നിന്നു മോചിപ്പിച്ചു. കഴിഞ്ഞ ആഴ്ച ഒളിവിടത്തില്‍നിന്നും കസ്റ്റഡിയിലെടുത്തു ജയിലിലടച്ച പ്രൊഫ. ഫൈസുല്ലാ ജലാലിനെയാണ് മോചിച്ചത്.

🔳ഭാര്യയെ വെടിവച്ചു കൊന്ന് വന്‍ തുക ഇന്‍ഷൂറന്‍സ് കമ്പനികളില്‍നിന്നും തട്ടിയ കോടീശ്വരന്‍ അറസ്റ്റില്‍. അമേരിക്കയിലെ പ്രശസ്തമായ ത്രീ റിവേഴ്‌സ് ഡെന്റല്‍ ഗ്രൂപ്പ് ഉടമയും ഡെന്റല്‍ സര്‍ജനുമായ പെന്‍സില്‍വാനിയ സ്വദേശി ഡോ. ലോറന്‍സ് റുഡോള്‍ഫ് ആണ് അറസ്റ്റിലായത്. ഭാര്യയുടെ പേരില്‍ വിവിധ കമ്പനികളിലായി ഉണ്ടായിരുന്ന 36.9 കോടി രൂപ ഇയാള്‍ കൈക്കലാക്കിയെന്നാണ് കേസ്.

🔳ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ 2000 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി നഗര, ഗ്രാമകാര്യ, ഭവന മന്ത്രാലയം. ജീവനക്കാര്‍ ജോലി ചെയ്യാന്‍ യോഗ്യനാണെന്നു തെളിയിക്കുന്ന കാര്‍ഡാണിത്. ബലദിയ കാര്‍ഡ് എന്നറിയപ്പെടുന്ന കാര്‍ഡ് രോഗമില്ലെന്ന് ഉറപ്പാക്കി നഗരസഭയാണ് നല്‍കുന്നത്.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്ഭുക്കുതിപ്പ് തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. അവസാന മത്സരത്തില്‍ ഒഡിഷ എഫ്.സിയെ തകര്‍ത്താണ് മഞ്ഞപ്പട വിജയമാഘോഷിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് 20 പോയിന്റാണുള്ളത്. 11 മത്സരങ്ങളില്‍ 19 പോയിന്റാണ് രണ്ടാം സ്ഥാനക്കാരായ ജംഷഡ്പൂരിനുള്ളത്.

🔳ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍. കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്. സന്ദര്‍ശകര്‍ക്കിപ്പോള്‍ 70 റണ്‍സിന്റെ ലീഡായി. ചേതേശ്വര്‍ പൂജാരയും വിരാട് കോലിയുമാണ് ക്രീസില്‍. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 210ന് അവസാനിച്ചിരുന്നു. ജസ്പ്രിത് ബുമ്ര അഞ്ച് വിക്കറ്റെടുത്തു. 13 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് സന്ദര്‍ശകര്‍ നേടിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 223ന് അവസാനിച്ചിരുന്നു.

🔳കേരളത്തില്‍ ഇന്നലെ 72,808 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 176 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,254 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 597 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 693 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 125 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2552 പേര്‍ രോഗമുക്തി നേടി. ഇതോടെ 54,430 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,07,762 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസര്‍ഗോഡ് 262, വയനാട് 200.

🔳രാജ്യത്ത് ഇന്നലെ 2,37,304 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 46,723 പേര്‍ക്കും കര്‍ണാടകയില്‍ 21,390 പേര്‍ക്കും തമിഴ്നാട്ടില്‍ 17,934 പേര്‍ക്കും പശ്ചിമബംഗാളില്‍ 22,155 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 13,681 പേര്‍ക്കും ഡല്‍ഹിയില്‍ 27,561 പേര്‍ക്കും ചത്തീസ്ഗഡില്‍ 5,476 പേര്‍ക്കും രാജസ്ഥാനില്‍ 9,488 പേര്‍ക്കും ഗുജറാത്തില്‍ 9,941 പേര്‍ക്കും ഹരിയാനയില്‍ 6,883 പേര്‍ക്കും ബീഹാറില്‍ 6,413 പേര്‍ക്കും പഞ്ചാബില്‍ 6,481 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു

🔳ആഗോളതലത്തില്‍ ഇന്നലെ മുപ്പത് ലക്ഷത്തിധികം കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഏഴ് ലക്ഷത്തിന് മുകളിലും ഇംഗ്ലണ്ടില്‍ 1,29,587 പേര്‍ക്കും ഫ്രാന്‍സില്‍ 3,61,719 പേര്‍ക്കും തുര്‍ക്കിയില്‍ 77,722 പേര്‍ക്കും ഇറ്റലിയില്‍ 1,96,224 പേര്‍ക്കും ജര്‍മനിയില്‍ 80,542 സ്പെയിനില്‍ 1,79,125 പേര്‍ക്കും അര്‍ജന്റീനയില്‍ 1,31,082 പേര്‍ക്കും ആസ്ട്രേലിയയില്‍ 1,02,567 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 31.70 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 4.88 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,362 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,051 പേരും റഷ്യയില്‍ 745 പേരും ഇംഗ്ലണ്ടില്‍ 398 പേര്‍ക്കും ഇറ്റലിയില്‍ 313 ജര്‍മനിയില്‍ 331 പേര്‍ക്കും പോളണ്ടില്‍ 684 പേര്‍ക്കും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55.29 ലക്ഷമായി.

🔳പ്രമുഖ ഐടി കമ്പനിയായ വിപ്രോ ലിമിറ്റഡ് ഡിസംബര്‍ പാദത്തില്‍ 2,969 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷത്തെ 2,968 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭം ഏതാണ്ട് പരന്നതായിരുന്നു. കഴിഞ്ഞ സെപ്തംബര്‍ പാദത്തില്‍ വിപ്രോ 2,930 കോടി രൂപ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ ബോര്‍ഡ് ഒരു ഇക്വിറ്റി ഷെയറിന് 1 രൂപ എന്ന ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ 15,670 കോടി രൂപയില്‍ നിന്ന് 29.6 ശതമാനം ഉയര്‍ന്ന് 20,313 കോടി രൂപയായി.

🔳ഐടി ഭീമനായ ഇന്‍ഫോസിസ് 2021 ഡിസംബര്‍ 31-ന് അവസാനിക്കുന്ന ത്രൈമാസത്തില്‍ 5,809 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 5,197 കോടി രൂപയില്‍ നിന്ന് 12 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25,927 കോടി രൂപയില്‍ നിന്ന് 23 ശതമാനം ഉയര്‍ന്ന് 31,867 കോടി രൂപയായി.

🔳സണ്ണി വെയ്ന്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘അപ്പന്‍’ ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. മലയോര ഗ്രാമത്തിലെ ഒരു അപ്പന്റെയും മോന്റെയും അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്റെ കഥാപരിസരം. സാധാരണ കാണാറുള്ള കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി തനി നാട്ടിന്‍ പുറത്തുകാരനായ കഥാപാത്രമായാണ് സണ്ണി വെയ്ന്‍ ചിത്രത്തില്‍ എത്തുന്നത്. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

🔳പ്രതികൂല സാഹചര്യത്തിലും ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കി ആന്റണി വര്‍ഗീസ് നായകനായ ‘അജഗജാന്തരം’. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 23ന് ആണ് എത്തിയത്. നാലാം വാരത്തിലേക്ക് കടക്കുന്ന ചിത്രത്തിന്റെ 25 ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 25 ദിവസം കൊണ്ട് 25 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഒപ്പം ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ആകെയുള്ള കണക്കാണ് ഇത്.

🔳കാമ്രി ഹൈബ്രിഡ് ഫെയ്സ്ലിഫ്റ്റിനെ 41.70 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട ഇന്ത്യയില്‍ അവതരിപ്പിച്ചു. നിലവിലെ എട്ടാം തലമുറ കാമ്രി 2019-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതാണ്. ഇപ്പോള്‍ ഈ മോഡലിന് മിഡ്-ലൈഫ് അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുകയാണ് ടൊയോട്ട. കാമ്രി ഫെയ്സ്ലിഫ്റ്റിന്റെ അപ്‌ഡേറ്റുകളില്‍ നേരിയ ബാഹ്യ സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളും മെച്ചപ്പെട്ട ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടുന്നു. എന്നാല്‍ സാങ്കേതികമായി വലിയ മാറ്റങ്ങളൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳ഒരേ സമയം രാഷ്ട്രീയത്തിന്റെ എഴുത്തും എഴുത്തിന്റെ രാഷ്ട്രീയവുമായി മാറുന്ന കഥകള്‍. സൈദ്ധാന്തികവും താത്വികവുമായ ചിന്താഭാരത്തിന്റെ അതിപ്രവാഹമാണ് പൊതുവേ ഇത്തരം എഴുത്തുകളെ മുന്നോട്ടു കൊണ്ടുപോവുക. എന്നാല്‍ ഇത്തരം ആലഭാരങ്ങളില്ലാതെ നൈസര്‍ഗ്ഗികമായി എഴുതാന്‍ കഴിയുന്നുവെന്നതാണ് കെ. അരവിന്ദാക്ഷന്റെ കഥകളുടെ പ്രത്യേകത. ‘രണ്ടു തിരകള്‍ക്കിടയിലെ ജീവിതം’. ഡിസി ബുക്സ്. വില 234 രൂപ.

🔳ഇന്ന് മിക്ക സ്ത്രീകളെയും അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് യൂറിനറി ഇന്‍ഫെക്ഷന്‍ അഥാവ മൂത്രാശയ അണുബാധ. പല കാരണങ്ങള്‍ കൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. കാലാവസ്ഥ മുതല്‍ ശുചിത്വമില്ലായ്മ വരെ മൂത്രാശയ രോഗങ്ങള്‍ക്ക് കാരണമാവാറുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ട് വരുന്നത്. മൂത്രൊമൊഴിക്കാന്‍ തോന്നിയാല്‍ തന്നെ ചിലര്‍ പിടിച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. മൂത്രശങ്ക തടുക്കാനായി കഴിയുന്നത്ര സമയം വെള്ളം കുടിക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്. ദീര്‍ഘനേരം മൂത്രം പിടിച്ചുവയ്ക്കുന്നത് ഗര്‍ഭാശയത്തിലുള്ള അണുബാധയ്ക്ക് കാരണമാവുന്നു. മൂത്രമൊഴിക്കുമ്പോള്‍ വേദന, അടിക്കടി മൂത്രം ഒഴിക്കണമെന്ന് തോന്നുക, മൂത്രം ഒഴിക്കുന്നതിനു മുന്‍പോ ഒഴിച്ചതിനുശേഷമോ അനുഭവപ്പെടുന്ന പുകച്ചിലും വേദനയും, അടിവയറ്റില്‍ വേദന, മൂത്രത്തില്‍ പഴുപ്പുണ്ടാകുക, ഇടയ്ക്കിടെ കടുത്ത പനിയും ശരീരം വിറയ്ക്കലും എന്നിവയെല്ലാം ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഈ പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ പരിശോധന നടത്തുക. വൃക്കകള്‍, മൂത്രാശയങ്ങള്‍, മൂത്രനാളി എന്നിവയെ അണുബാധ ബാധിക്കാമെന്ന് ‘യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍’ വ്യക്തമാക്കി. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും യുടിഐകളും മൂത്രാശയ അണുബാധകളും ഉണ്ടാകാം. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ അപകടസാധ്യത കൂടുതലാണെന്ന് ‘നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആന്‍ഡ് ഡൈജസ്റ്റീവ് ആന്‍ഡ് കിഡ്‌നി ഡിസീസസ്’ചൂണ്ടിക്കാട്ടുന്നു. ധാരാളം വെള്ളം കുടിക്കുകയാണ് മൂത്രാശയ അണുബാധ ഒഴിവാക്കുവാനുള്ള പ്രധാന വഴി. മൂത്രം ഒരു കാരണവാശലും പിടിച്ചുവയ്ക്കരുത്. യാത്രാവേളയില്‍ ടോയ്ലറ്റില്‍ പോകുവാന്‍ മടി കാണിക്കരുത്. ടോയ്ലറ്റില്‍ പോയ ശേഷം മുന്നില്‍ നിന്നു പിന്നിലേക്കു വെള്ള മൊഴിച്ചു കഴുകുക. ആര്‍ത്തവ ദിവസങ്ങളില്‍ സാനിറ്ററി നാപ്കിന്‍ കൃത്യമായ ഇടവേളകളില്‍ മാറ്റുവാന്‍ ശ്രദ്ധിക്കുക.

*ശുഭദിനം*

കേടായ കുതിരവണ്ടിയും കാളവണ്ടിയുമൊക്കെ നന്നാക്കി കൊടുക്കുകയാണ് അയാളുടെ ജോലി. ഒരിക്കല്‍ ഒരു കച്ചവടക്കാരന്‍ അയാളെ കാണാന്‍ വന്നു. തന്റെ വീട്ടില്‍ ഒരു പഴയ കുതിരവണ്ടിയുണ്ടെന്നും ആ വണ്ടിയൊന്ന് പെയിന്റടിച്ച് വൃത്തിയാക്കണമെന്നും പറഞ്ഞു. പെയിന്റിനുള്ള തുകയും അയാളുടെ കൂലിയും കച്ചവടക്കാരന്‍ നല്‍കി. വൈകുന്നേരം കച്ചവടക്കാരന്‍ വന്നപ്പോഴെക്കും പണി പൂര്‍ത്തിയാക്കി അയാള്‍ തന്റെ വീട്ടിലേക്ക് പോയിരുന്നു. അന്ന് ഏറെ ഇരുട്ടി അയാളെ കാണാന്‍ കച്ചവടക്കാരന്‍ അയാളുടെ വീട്ടിലെത്തി. തന്റെ ജോലി ഇഷ്ടപ്പെടാഞ്ഞിട്ടാകും കച്ചവടക്കാരന്‍ വന്നതെന്ന് അയാള്‍കരുതി. കച്ചവടക്കാരന്‍ അയാള്‍ക്ക് കുറച്ചധികം രൂപ നീട്ടി. തനിക്കെന്തിനാണ് രൂപ. താന്‍ ചെയ്ത ജോലിയുടെ കൂലി രാവിലെ തന്നെ വാങ്ങിയതാണല്ലോ എന്ന് അയാള്‍ പറഞ്ഞു. അപ്പോള്‍ കച്ചവടക്കാരന്‍ പറഞ്ഞു: ആ വണ്ടിയുടെ ചക്രത്തിന് ഘടിപ്പിക്കുന്ന ആണി തുരുമ്പിച്ചതായിരുന്നു. അത് മാറ്റണമെന്ന് ഞാന്‍ താങ്കളോട് പറയുവാന്‍ മറന്നു. പക്ഷേ, താങ്കള്‍ അത് കണ്ടറിഞ്ഞ് മാറ്റിവെക്കുകയും ചെയ്തു. എന്റെ അനുജന്‍ പുതിയ കുതിരയെ വാങ്ങി അതില്‍ കെട്ടി സവാരിയും നടത്തി. താങ്കള്‍ ആ ആണി മാറ്റിയില്ലായിരുന്നുവെങ്കില്‍ വലിയ അനര്‍ത്ഥം സംഭവിക്കുമായിരുന്നു. അതിന് ഞാന്‍ എന്തുതന്നാലും മതിയാകില്ല. കച്ചവടക്കാരന്‍ നിര്‍ബന്ധപൂര്‍വ്വം അയാളെ പണമേല്‍പ്പിച്ച് നന്ദി പറഞ്ഞ് തിരിച്ചു നടന്നു. ഏല്‍പ്പിക്കുന്ന ജോലികള്‍ മാത്രല്ല, ആ ജോലി ഭംഗിയായി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ കൂടി നാം ചെയ്യുക തന്നെ വേണം. വിവേകവും ആത്മാര്‍ത്ഥതയും ഒരിക്കലും കാശ്‌കൊടുത്ത് വാങ്ങുവാന്‍ സാധിക്കാത്ത ഒന്നാണ്. അത് സ്വയം രൂപപ്പെടേണ്ട ഒന്നാണ്. വിവേകപൂര്‍ണ്ണമായി ചിന്തിക്കാനും, ആത്മാര്‍ത്ഥമായി പ്രവൃത്തിക്കാനും നമുക്കും സാധിക്കട്ടെ