സുപ്രീംകോടതി നടപടികളിലെ സുപ്രധാന മാറ്റങ്ങൾ ഇന്ന് മുതൽ. കേസുകളുടെ ലിസ്റ്റിങ്ങിനും മെൻഷനിങ്ങിലുമാണ് മാറ്റങ്ങൾ വരുത്തിയത്. അടിയന്തര സ്വഭാവമുള്ള കേസുകൾ വാക്കാൽ പരാമർശിച്ചാൽ ഉടൻ വാദം കേൾക്കുന്ന രീതിക്ക് പകരം ലിസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി. ഇതുപ്രകാരം അഭിഭാഷകർ വാക്കാൽ പരാമർശിക്കേണ്ടതില്ല. ദീർഘകാലമായി കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി.
ഇനി മുതൽ ഒരു കോടതിയിലും മുതിർന്ന അഭിഭാഷകരെ ഹർജികൾ മെൻഷൻ ചെയ്യാൻ അനുവദിക്കില്ല എന്നതാണ് മറ്റൊരു മാറ്റം. വധിയപേക്ഷ നൽകുന്നതിനും മാറ്റംവരുത്തി. കെട്ടിക്കിടക്കുന്ന കേസുകൾ ലിസ്റ്റ് ചെയ്താൽ അത് മാറ്റിവെക്കാൻ അഭിഭാഷകരെ അനുവദിക്കില്ല. അതേസമയം പൗരാവകാശം, വധശിക്ഷ, മുൻകൂർ ജാമ്യം, ഹേബിയസ് കോർപസ്, കുടിയൊഴിപ്പിക്കൽ, പൊളിക്കൽ എന്നി അടിയന്തര സ്വഭാവമുള്ള വിഷയങ്ങളിൽ രാവിലെ പത്ത് മുതൽ പത്തരവരെ പരാമർശിച്ചാൽ കോടതി പരിഗണിക്കും.
തെളിവില്ലാതെ, ഹർജി പരിശോധിക്കുകയോ ലിസ്റ്റ് ചെയ്യുകയോ ചെയ്യില്ല. കേസ് മാറ്റിവെക്കൽ നടപടിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എതിർ കക്ഷികളുടെ സമ്മതം ആവശ്യമാണ. കൂടാതെ കേസ് മാറ്റിവയ്ക്കലുകൾ പരിമിതപ്പെടുത്തുകയും ചെയ്തു. അഭിഭാഷകന്റെയോ കക്ഷിയുടെയോ വിയോഗം, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ, അല്ലെങ്കിൽ കോടതിക്ക് ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ എന്നിവയിൽ മാത്രമേ മാറ്റിവയ്ക്കൽ പരിഗണിക്കൂ എന്ന് സർക്കുലറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിന് പിന്നാലെയാണ് സുപ്രിംകോടതി നടപടികൾ മാറ്റങ്ങൾ വരുത്തിയത്.







