സ്ഥിതിഗതി അതീവ രൂക്ഷം: സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രിസഭാ യോഗം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രിസഭാ യോഗം. നിയന്ത്രണങ്ങൾ സംബന്ധിച്ച് നാളെ ചേരുന്ന കൊവിഡ് അവലോകന യോഗം തീരുമാനമെടുക്കും. രോഗവ്യാപനം രൂക്ഷമാണെങ്കിലും ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്ന് യോഗം വിലയിരുത്തി

നിലവിൽ ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ പര്യാപ്തമാണ്. ഫെബ്രുവരിയിലാണ് ഇത്രയും വർധന പ്രതീക്ഷിച്ചത്. എന്നാൽ അതു നേരത്തെയായി. നിലവിൽ 50 ശതമാനത്തോളം ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ ഒഴിവുണ്ട്. മറ്റ് രോഗങ്ങളുടെ ചികിത്സക്ക് എത്തുന്നവരും കൊവിഡ് പോസിറ്റീവാകുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്നും യോഗം വിലയിരുത്തി

 

സംസ്ഥാനത്ത് സ്‌കൂളുകൾ 21 മുതൽ അടച്ചിടാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ 21 മുതൽ ഓൺലൈനാക്കും. കോളജുകൾ അടച്ചിടുന്നതും നാളത്തെ യോഗത്തിൽ തീരുമാനിക്കും. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്

കർശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരുമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. ഇതുസംബന്ധിച്ച അന്തിമ തീരുമാനം വ്യാഴാഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗമാകും എടുക്കുക.