മത്സര ശേഷം തിളങ്ങി ധോണി: സെൽഫിയെടുക്കാൻ പാക് താരങ്ങളും

ഈ ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ ഉപദേശകന്റെ റോളിലാണ് മുൻ നായകൻ മഹേന്ദ്രസിങ് ധോണി. ഉപദേശകനായി ചുമതലയേറ്റ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയിക്കാനായില്ലെങ്കിലും ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് നൽകുന്ന പോസിറ്റീവ് എനർജി വിലമതിക്കാനാവാത്തതാണ്. പല താരങ്ങളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ധോണിയുടെ ഉപദേശ നിർദേശങ്ങൾ സ്വീകരിക്കുവാൻ പല കളിക്കാരും എത്താറുണ്ട്. ഇന്നലെ പാകിസ്താനെതിരായ മത്സരശേഷവും പാക് താരങ്ങൾ ധോണിയുടെ അടുത്ത് എത്തിയിരുന്നു. മുൻ പാക് നായകൻ ഷുഹൈബ് മാലികുൾപ്പെടെ ഏതാനും പാകിസ്താൻ താരങ്ങൾ ധോണിയോടൊപ്പം സംസാരിക്കുന്നത് കാണാമായിരുന്നു. പാക് നായകൻ ബാബർ അസമും ബൗളർ ഇമാദ് വാസിമും ധോണിയുമായി സംസാരിച്ചു. ഇതിനിടെ പാക് താരം ധോണിക്കൊപ്പം സെൽഫിയും എടുത്തു. ഇതോടെ സോഷ്യൽ മീഡിയയിൽ ധോണിയും ഹിറ്റായി.

ധോണിയെ ഉപദേശകനായി ടീമിനൊപ്പം ചേര്‍ക്കാന്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ആദ്യം തീരുമാനിച്ചത്. ടീം ഉപദേശ സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് ധോണിയും വ്യക്തമാക്കുകയായിരുന്നു. അതേസമയം പാക് ബൗളർ ഷഹീൻ അഫ്രീദിയുടെ പന്ത് തോളിൽ തട്ടിയതിനെ തുടർന്ന് ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയെ സ്‌കാനിങ്ങിന് വിധേയനാക്കി. തോളിനേറ്റ ഈ പരിക്ക് കാരണം പാണ്ഡ്യ ഫീൽഡിങിന് ഇറങ്ങിയിരുന്നില്ല. പകരം ഇഷൻ കിഷനായിരുന്നു ഗ്രൗണ്ടിലെത്തിയത്. അതേസമയം പാണ്ഡ്യയുടെ സ്‌കാനിങ് റിസൾട്ടിനെക്കുറിച്ച് അറിവായിട്ടില്ല.

ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. പത്ത് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. പാകിസ്താനായി ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും അർധസെഞ്ചുറി നേടി.