കുഞ്ഞ് ആന്ധ്രയിലുണ്ട്; അധ്യാപക ദമ്പതികളുടെ സ്നേഹ വാത്സല്യത്തിൽ

 

അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രയിലെ അധ്യാപക ദമ്പതികളെന്ന് വിവരം. കുഞ്ഞ് സുരക്ഷിതമായി തങ്ങളോടൊപ്പമുണ്ടെന്നും നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് ദത്തെടുത്തതെന്നും ഇവര്‍ ഒരു ചാനലിനോട് പറഞ്ഞു.

വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും ഒരു കുഞ്ഞെന്ന സ്വപ്‌നം നടക്കാതായതോടെയാണ് ഇവര്‍ ദത്തെടുക്കാന്‍ തീരുമാനിച്ചത്. ആദ്യം ജനിച്ച കുഞ്ഞ് മരിക്കുകയും പിന്നീട് ഗര്‍ഭഛിദ്രം സംഭവിക്കുകയും ചെയ്തു. ഇനിയും ഗര്‍ഭം ധരിക്കുന്നതില്‍ അപകട സാധ്യതയുള്ളതിനാലാണ് ഇവര്‍ നാലു വര്‍ഷം മുമ്പ് ദത്തെടുക്കാന്‍ തീരുമാനിച്ചത്. ഇതിനായി ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു ഇവര്‍. ദത്തെടുക്കലിന്റെ ആദ്യ നടപടിയായി താല്‍ക്കാലികമായി ഓഗസ്റ്റ് ഏഴിന് കുഞ്ഞിനെ ദത്ത് നല്‍കി. കേരളത്തില്‍ ഈ കുഞ്ഞുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ ഇരുവരും അറിഞ്ഞിട്ടുണ്ട്. നിയമപരമായF കുഞ്ഞിനെ ദത്തെടുത്തതിനാല്‍ കുഞ്ഞിനെ നഷ്ടപ്പെടില്ലെന്ന പ്രതീക്ഷയിലാണ് ഈ അധ്യാപക ദമ്പതികള്‍.

കുഞ്ഞിനെ അമ്മ അനുപമയ്ക്ക് തിരിച്ചു കിട്ടുമൊയെന്നതില്‍ വഞ്ചിയൂര്‍ കുടുംബക്കോടതി ഇന്ന് വിധി പറയും. ദത്തെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി കോടതിയിൽ നൽകിയത്.തിരുവനന്തപുരം കുടുംബ കോടതിയാണ് ഹര്‍ജികൾ പരിഗണിക്കുക. കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടികള‍് സംബന്ധിച്ച് പോലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ഇക്കാര്യങ്ങളില്‍ തീരുമാനമാകുന്നത് വരെ ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന ആവശ്യമാണ് കോടതി ഇന്ന് പരിഗണിക്കുക. സര്‍ക്കാരിന്‍റെ ഹര്‍ജി കോടതി അംഗീകരിക്കുകയാണെങ്കില്‍ കുട്ടിയെ ദത്തെടുത്തവരില്‍ നിന്ന് തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. പിന്നീടാകും ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍.