മലനാടിന്റെ മണ്ണില്‍ മഴക്കാലം പെയ്തു തോര്‍ന്നാല്‍ പിന്നെ ചിങ്ങവെയിലിന്റെ പൂക്കാലമായി. പൊന്നോണത്തിന്റെ വരവറിയിച്ച് അത്തദിനം വന്നെത്തുകയായി.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പത്ത് നാളുകള്‍ക്കാണ് അത്തം മുതല്‍ തുടക്കമാവുന്നത്. മഹാബലി ചക്രവര്‍ത്തി നാടുകാണാനെത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന തിരുവോണദിനത്തിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങളുടെ തുടക്കം എന്ന നിലയ്ക്കും ഈ ദിവസം അടയാളപ്പെടുത്തുന്നു. ആളുകള്‍ ഓണാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ പൂക്കളം കൊണ്ട് അലങ്കരിക്കാന്‍ തുടങ്ങുന്നത് ഈ ദിവസം മുതല്‍ക്കാണ്.
അത്തം മുതല്‍ പത്താം ദിനം വരെ, ഓരോ നിറങ്ങളില്‍ ഓരോ പൂക്കളാല്‍ അത്തപ്പൂക്കളം ഒരുക്കുന്നു.
ഓണത്തിന്റെ പൂവിളിയുണർത്തുന്ന അത്തം ഇന്ന് . അത്തം തുടങ്ങി അഞ്ചാംദിവസം 17-നാണ് ചിങ്ങം പിറക്കുന്നത്. അതിന് അഞ്ചു ദിവസം കൂടി കഴിഞ്ഞാൽ അത്തം പത്താവും. ഉത്രാടനാളായ 20-ന് ഒന്നാം ഓണവും 21-ന് തിരുവോണവുമാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കൊല്ലത്തിന് സമാനമായി അത്തവും ഓണവും ഇക്കുറിയും പരിമിതമായ ആഘോഷത്തിലൊതുങ്ങിയേക്കും.
ശകവർഷത്തിൽ ശ്രാവണത്തിലെ പൗർണമിയും തിരുവോണ നക്ഷത്രവും ഒത്തുചേരുന്ന നാളിലാണ് ഓണം ആഘോഷിച്ചിരുന്നത്. ഇത്തവണ ഈ കാലഗണന അനുസരിച്ചാണ് തിരുവോണമെത്തുന്നത്. അത്തം കർക്കടകത്തിലേക്ക് നീളുന്നു. ചിങ്ങത്തിലെ അത്തം ഗണിച്ചാൽ തിരുവോണം കന്നി ഒന്നിലേക്കും ശകവർഷത്തിൽ ഭാദ്രമാസത്തിലേക്കും മാറും. ശ്രാവണ പൗർണമിയെ തുടർന്നെത്തുന്ന ആവണി അവിട്ടം ഇത്തവണ തിരുവോണത്തിന് പിറ്റേന്ന് 22-നാണ്.
അത്തം കറുത്താൽ ഓണം വെളുക്കുമെന്നാണ് ചൊല്ല്. കഴിഞ്ഞ കൊല്ലങ്ങളിൽ അത്തവും ഓണവും കറുത്ത ആവരണമണിഞ്ഞാണ് വന്നുമടങ്ങിയത്. ഇത്തവണയും കർക്കടകത്തിന്റെ കരിക്കാറുകൾക്കിടയിലാണ് അത്തമെത്തുന്നത്. പൊതുസ്ഥലങ്ങളിൽ പൂക്കളങ്ങളും ആൾക്കൂട്ടവും പാടില്ലെന്ന കോവിഡ് പ്രോട്ടോക്കോൾ നിലവിലുണ്ട്. ടൂറിസം വകുപ്പിന്റെ പതിവുള്ള ഓണം വാരാഘോഷം കഴിഞ്ഞ കൊല്ലം റദ്ദാക്കിയിരുന്നു. ഇക്കുറി വെർച്വലായി നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാൽ ഓണസമൃദ്ധിക്കു മുന്നോടിയായി വീട്ടുമുറ്റങ്ങളിൽ ചെറിയ തോതിൽ പൂക്കളങ്ങൾ വിരിയും. അവയ്ക്കു നിറം പകരാൻ നാട്ടുപൂക്കളെയാണ് എല്ലാവരും ആശ്രയിക്കുന്നത്. വീടുകളിലുള്ള ചെമ്പരത്തി, തുളസി, തുമ്പ, തെച്ചി, മന്ദാരം, മുല്ല തുടങ്ങിയ പൂക്കളും അലങ്കാരസസ്യങ്ങളിലെ പൂക്കളും പൂക്കളങ്ങളിൽ ചിരിതൂകും.
അത്തം തുടങ്ങുന്നതോടെ ഓണവിപണിയും സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലായിടത്തും കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി പാലിക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.