സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്സിൻ കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്സിൻ കൂടി ലഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ‘8 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും 86,960 ഡോസ് കോവാക്സിനുമാണ് എത്തിയത്. തിരുവനന്തപുരം 1,69,500, എറണാകുളം 1,96,500, കോഴിക്കോട് 1,34,000 എന്നിങ്ങനെ ഡോസ് കോവീഷീൽഡ് വാക്സിനും തിരുവനന്തപുരം 29,440, എറണാകുളം 34,240, കോഴിക്കോട് 23,280 എന്നിങ്ങനെ ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. ഇതിന് പുറമേ എറണാകുളത്ത് 3 ലക്ഷം കോവീഷീൽഡ് കൂടിയെത്തി. ചില കേന്ദ്രങ്ങളിൽ രാത്രിയോടെയാണ് വാക്സിൻ എത്തുകയെന്ന്’ മന്ത്രി വ്യക്തമാക്കി.

‘സംസ്ഥാനത്ത് വാക്സിൻ എത്തിയതോടെ വാക്സിനേഷൻ യജ്ഞം ശക്തിപ്പെടുത്തി വരുന്നു. 60 വയസിന് മുകളിൽ പ്രായമായ എല്ലാവർക്കും 18 വയസിന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികൾക്കും ആഗസ്റ്റ് 15 ന് മുമ്പ് ആദ്യ ഡോസ് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് മാത്രം 60 വയസിന് മുകളിലുള്ള ഒന്നേകാൽ ലക്ഷത്തിലധികം ആളുകൾക്ക് ആദ്യ ഡോസ് നൽകിയിട്ടുണ്ട്. ഇതുൾപ്പെടെ ഇന്ന് ആകെ 2,37,528 പേർക്കാണ് വാക്സിൻ നൽകിയതെന്നും’ മന്ത്രി പറഞ്ഞു.

‘949 സർക്കാർ കേന്ദ്രങ്ങളിലും 322 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1271 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,24,29,007 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,59,68,802 പേർക്ക് ഒന്നാം ഡോസ് വാക്സിനും 64,60,205 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 45.5 ശതമാനം പേർക്ക് ഒന്നാം ഡോസും 18.41 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 55.64 ശതമാനം പേർക്ക് ഒന്നാം ഡോസും 22.51 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ടെന്നും’ ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.