സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള പകുതിയലധികം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഒന്നും രണ്ടും ഡോസ് ചേർത്ത് സംസ്ഥാനത്ത് ഇതുവരെ 1,66,89,600 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 1,20,10,450 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 46,79,150 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി
18 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 50.04 ശതമാനം പേർക്ക് ഒന്നാം ഡോസും 19.5 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 2011ലെ സെൻസസ് പ്രകാരം ആകെ ജനസംഖ്യയുടെ 35.95 ശതമാനം പേർക്ക് ഒന്നാം ഡോസും 14 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
വാക്‌സിൻ സ്വീകരിച്ചവരിൽ 86,70,691 പേർ സ്ത്രീകളാണ്. 80,16,121 പുരുഷൻമാരും വാക്‌സിൻ സ്വീകരിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം പേർക്ക് വാക്‌സിൻ നൽകിയത്. തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്.