കോഴിക്കോട്: പി.പി.ഇ കിറ്റ് ധരിച്ച് വീട്ടില്‍ കവര്‍ച്ചക്കെത്തിയയാളും സഹായിയും പിടിയില്‍. തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപ്പറമ്പിൽ അനസ്, ഓട്ടോ ഡ്രൈവറും തേക്കിന്‍തോട്ടം സ്വദേശിയുമായ അരുണ്‍ എന്നിവരാണ് പിടിയിലായത്. പുതുപ്പാടിയിലാണ് സംഭവം. ഇവരുടെ ബാഗില്‍ നിന്ന് കത്തി, കയര്‍, മുളക്‌പൊടി എന്നിവ കണ്ടെത്തി.
പുതുപ്പാടി മണല്‍വയലില്‍ താമസിക്കുന്ന ഡി.ഡി. സിറിയക്കിന്റെ വീട്ടിലാണ് പി.പി.ഇ. കിറ്റ് ധരിച്ച് സംഘം എത്തിയത്. നേരത്തെയും സംഘം വീട്ടിലെത്തിയെങ്കിലും വീട്ടില്‍ കയറാതെ മടങ്ങിയിരുന്നു. എന്നാല്‍ രണ്ടാമതും എത്തിയതോടെ സംശയം തോന്നുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഇതോടെ അനസ് ഇറങ്ങി ഓടി റോഡില്‍ ഉണ്ടായിരുന്ന ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.സംഘത്തെ ബൈക്കുകളില്‍ പിന്തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.