Headlines

ലേബര്‍ കോഡ് കരട് വിജ്ഞാപനം കേരളത്തിലും; മുന്നണിയറിയാതെ തൊഴില്‍ വകുപ്പ് വിജ്ഞാപനം ഇറക്കിയത് 2021ല്‍; തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

ലേബര്‍ കോഡ് കരട് വിജ്ഞാപനം കേരളത്തിലും. തൊഴിലാളി സംഘടനകളും മുന്നണിയുമറിയാതെ തൊഴില്‍ വകുപ്പ് വിജ്ഞാപനം ഇറക്കിയത് 2021ലാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തെത്തി. എന്നാല്‍ കോഡ് നടപ്പാക്കാന്‍ ഉദ്ദേശമില്ലാത്തത് കൊണ്ട് തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നാണ് മന്ത്രി വി. ശിവന്‍കട്ടിയുടെ ന്യായീകരണം. ലേബര്‍ കോഡിനെതിരെ രാജ്യമെമ്പാടുമുള്ള വിവിധ തൊഴിലാളി സംഘടനകള്‍ പ്രതിഷേധം തുടരുകയാണ്

ലേബര്‍ കോഡിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് സിഐടിയു നേതൃത്വം നല്‍കുമ്പോഴാണ്, സംസ്ഥാനം കോഡ് നടപ്പിലാക്കുന്നതിന് മുന്നോടിയായിട്ടുള്ള കരട് വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതെന്നത് ഏറെ ശ്രദ്ധേയമാണ്. മുന്നണിയിലോ തൊഴിലാളി സംഘടനകളുമായോ ചര്‍ച്ച ചെയ്യാതിയായിരുന്നു 2021 ല്‍ വിജ്ഞാപനം പുറത്തിറക്കിയത്. രഹസ്യമായി ഇറക്കിയ കരട് വിജ്ഞാപനത്തില്‍ തുടര്‍ നടപടി ഉണ്ടായില്ല.. കേന്ദ്ര നിര്‍ദ്ദേശമനുസരിച്ച് ഉദ്യോഗസ്ഥ തലത്തിലാണ് കരട് തയ്യാറാക്കിയതെന്നും എന്നാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കാത്തത് കൊണ്ടാണ് തൊഴില്‍സംഘടനകളുടെ യോഗം വിളിക്കാത്തതെന്നും തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എഐടിയുസിയും ഐഎന്‍ടിയുസിയും ആവശ്യപ്പെട്ടു. ലേബര്‍ കോഡിന്റെ കരട് ഒളിപ്പിച്ചു കിടത്താന്‍ ശ്രമിച്ചെന്നാണ് സിഐടിയുവിന്റേയും ആരോപണം. ലേബര്‍ കോഡുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി വിളിച്ച തൊഴിലാളി സംഘടന പ്രതിനിധികളുടെ അടിയന്തര യോഗം നാളെ ചേരും.