നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവർണറുടെ നയപ്രഖ്യാപനം ഇന്ന്

നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. മന്ത്രിസഭ തയ്യാറാക്കി കൈമാറിയ പ്രസംഗം ഗവർണർ നിയമസഭയിൽ വായിക്കും. പ്രസംഗത്തിൽ കേന്ദ്ര വിമർശനം ഉൾപ്പെടുന്ന ഭാഗങ്ങളിൽ ഗവർണർ തിരുത്താവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്.2026-27 സാമ്പത്തിക വർഷത്തെ ബജറ്റാണ് പ്രധാനം. ഈമാസം 22, 27, 28 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച നടക്കും. ജനുവരി 29നാണ് ബജറ്റ് അവതരണം. ഫെബ്രുവരി 2,3,4 തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ച നടക്കും. ജനുവരി 20 മുതൽ മാർച്ച് 26 വരെ ആകെ 32 ദിവസമാണ് സഭചേരുന്നത്. നടപടികൾ പൂർത്തിയാക്കി മാർച്ച് 26 ന് സഭപിരിയും. അഞ്ചിന് 2025 26 വർഷത്തെ ബജറ്റിലെ അന്തിമ ഉപധനാഭ്യർഥനകളെ സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പ് നടക്കും.

ആറ് മുതൽ 22 വരെ സഭ ചേരില്ല. ഈ കാലയളവിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. പതിനഞ്ചാം നിയമസഭയുടെ 15 സെഷനുകളിൽ മൊത്തം 182 ദിവസം സഭ ചേർന്നിട്ടുണ്ട്. ഇതിൽ 158 ബില്ലുകൾ പാസാക്കി. സഭ പാസാക്കിയ ബില്ലുകളിൽ 14 എണ്ണം ഗവർണറുടെ പരിഗണനയിലാണ്.