പുതുച്ചേരിയിൽ റോഡ് ഷോയ്ക്ക് അനുമതി തേടി തമിഴക വെട്രികഴകം അധ്യക്ഷൻ വിജയ്. ഡിസംബർ അഞ്ചിന് അനുമതി നൽകണം എന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തയച്ചു. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് റോഡ് ഷോയ്ക്ക് അനുമതി തേടിയത്. റോഡ് ഷോ എട്ട് പോയിന്റുകളിലൂടെ കടന്നുപോകും. ഡിസംബർ നാലിന് സേലത്ത് പൊതുയോഗം സംഘടിപ്പിക്കാൻ ടിവികെ നൽകിയ അപേക്ഷയ്ക്ക് പൊലീസ് അനുമതി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതുച്ചേരിയിൽ റോഡ് ഷോയ്ക്ക് അനുമതി തേടിയത്. ഉപ്പളത്ത് വെച്ച് വിജയ് ജനങ്ങളോട് സംസാരിക്കും.
അതേസമയം, അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്താക്കിയ മുൻ മന്ത്രി കെ എ സെങ്കോട്ടയ്യൻ എംഎൽഎ സ്ഥാനം രാജിവെച്ചു. സ്പീക്കർ എൻ അപ്പാവുവിന് രാജിക്കത്ത് കൈമാറി. കെ എ സെങ്കോട്ടയ്യൻ, വിജയുടെ തമിഴക വെട്രി കഴകത്തിൽ ചേരുമെന്നാണ് സൂചന. എന്നാൽ, മന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ ശേഖർബാബു കെ എ സെങ്കോട്ടയ്യനെ ഇന്ന് കണ്ടു.അര മണിക്കൂറോളമായിരുന്നു കൂടികാഴ്ച. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഒക്ടോബറിലാണ് സെങ്കോട്ടയ്യനെ അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്താക്കിയത്.






