ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിന് ജാമ്യമില്ല. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. രണ്ടു കേസുകളിലും ജാമ്യാപേക്ഷ നൽകിയിരുന്നു. രണ്ടും വിജിലൻസ് കോടതി തള്ളുകയായിരുന്നു.
ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണ മോഷണക്കേസിൽ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വർണമോഷണക്കേസിൽ ആറാം പ്രതിയുമാണ്. ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. റാന്നി ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ പ്രത്യേക അന്വേഷകസംഘം നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 22നാണ് കേസിൽ മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ദേവസ്വം മുൻ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസറായിരുന്ന മുരാരി ബാബുവിന്, 1998ൽ ശിൽപ്പപാളികൾ സ്വർണം പൂശിയതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. തട്ടിപ്പിന് മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്കൊപ്പം ഗൂഢാലോചന നടത്തി. ക്ഷേത്രമുതൽ ദുരുപയോഗിക്കാൻ ഒത്താശ ചെയ്‌തതിലൂടെ ശബരിമല ക്ഷേത്രവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.







