അടച്ചിട്ട മുറികളിൽ കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി. രക്ഷിതാക്കൾക്ക് കാണാൻ കഴിയുന്ന നിലയിലായിരിക്കണം കുട്ടികളുടെ പ്രവർത്തനങ്ങൾ. ഇത്തരം ഉപകരണങ്ങൾ കുട്ടികള്‍ ഉപയോഗിക്കുന്നതിൽ രക്ഷിതാക്കളുടെ നിരീക്ഷണവും ജാഗ്രതയും ഉറപ്പാക്കണം. രക്ഷകർത്താക്കളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഇ-കാലം എന്ന പേരിൽ സാമൂഹ്യമാധ്യമപ്രചാരണം ആരംഭിച്ചിട്ടുണ്ട്. സൈബർ സൗഹൃദങ്ങളിൽ പരിധി സൂക്ഷിക്കുന്നതിനുള്ള ജാഗ്രതപ്പെടുത്തലുമായി പോസ്റ്റർ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
സൈബർ ഇടങ്ങളിൽ അതിവിപുലമായ ചതിക്കുഴികളാണ് ഒരുക്കിയിട്ടുള്ളത്. നിശ്ചിത പ്രായത്തിലെത്തുന്ന കുട്ടികളെ ഈ ചതിക്കുഴിയിൽ വീഴ്‌ത്തുവാനുള്ള വിരുത് കാട്ടുന്നവർ വർധിക്കുകയാണ്. ഇത് സൈബർ കുറ്റകൃത്യമായി മാത്രം കണ്ടാൽ പോര. കുട്ടികൾക്ക് ഇത്തരം കാര്യങ്ങളിൽ നിന്നുള്ള മാനസികമായ മോചനമാണ് അനിവാര്യം. ഇക്കാര്യത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധിക്കും.
ഡിജിറ്റൽ ഉപകരണങ്ങൾ ഒരുക്കുന്ന ചതിക്കുഴികളിൽ പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും വീഴുന്ന സംഭവങ്ങൾ ഉണ്ട്.
പെൺകുട്ടികളെ സൈബർ സാധ്യതകൾ ഉപയോഗിച്ച് അപായപ്പെടുത്താൻ നോക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. എന്നാൽ കൂടുതൽ കർക്കശമായ നിയമസാധ്യതകൾ ഒരുക്കുന്നതിന് വിശദമായ ചർച്ചകൾ ആവശ്യമാണ്. ഇത്തരം വിഷയങ്ങളിലെ കോടതികളുടെ നിരീക്ഷണങ്ങളും പരിഗണിക്കേണ്ടതുണ്ട്.
പൊതുഅവബോധം സൃഷ്ടിക്കലാണ് പ്രധാനം. രക്ഷിതാക്കൾക്കാണ് ഇതിൽ കൂടുതൽ ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.