അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസ് വകഭേദം കേരളത്തിലും; വേണം കരുത്തുറ്റ പ്രതിരോധവും ജാഗ്രതയും

 

തിരുവനന്തപുരം: ജനിതക വകഭേദം സംഭവിച്ച വൈറസുകളെ കേരളത്തിലും കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്ര വ്യാപന ശേഷിയുള്ള ഇത്തരം വൈറസുകളെ സംസ്ഥാനത്തിന്റെ പല ഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയില്ലെങ്കിൽ രോഗവ്യാപനം വർധിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.

ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾ ഏപ്രിൽ ആദ്യവാരം തന്നെ സംസ്ഥാനത്ത് വ്യാപിച്ചതായാണ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. യുകെ വൈറസും ദക്ഷിണാഫ്രിക്കൻ വകഭേദവുമാണ് കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ യുകെ വൈറസിന്റെ സാന്നിധ്യം കൂടുതലായും മലബാർ മേഖലയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിതീവ്ര വ്യാപന ശേഷിയുള്ള ജനിതക വ്യതിയാനം വന്ന വൈറസുകളുടെ പ്രബലമായ സാന്നിധ്യമാണ് രണ്ടാം തരംഗത്തിൽ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രോഗബാധിതരിൽ 40% ആളുകളിൽ അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ 30 ശതമാനം ആളുകളിൽ യുകെ സ്‌ട്രെയിനാണ് കണ്ടെത്തിയത്. 7% ആളുകളിൽ ഡബിൾ മ്യൂട്ടന്റ് എന്ന വകഭേദമാണുള്ളത്. ഇതിന് അതിതീവ്ര വ്യാപന ശേഷിയുണ്ടെന്നും 2 പേരിൽ ദക്ഷിണാഫ്രിക്കൻ വേരിയന്റാണ് കണ്ടെത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.