സുല്‍ത്താന്‍ ബത്തേരി നഗരസഭ പഴേരി വാര്‍ഡിലെ (7) ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11 ന് നടക്കും. രാവിലെ 7 മുതല്‍ വൈകുന്നേരം 5 വരെയാണ് വോട്ടെടുപ്പ്. കോവിഡ് പോസിറ്റീവായവര്‍ക്കും നിരീക്ഷണത്തിലുളളവര്‍ക്കും സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിക്കും. വേട്ടെടുപ്പിന്റെ തലേ ദിവസം വൈകുന്നേരം 3 മണി വരെ പോസിറ്റീവാകുന്നവര്‍ക്കും നിരീക്ഷണത്തിലുളളവര്ക്കുമാണ് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദി ക്കുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള സാധന സാമഗ്രികള്‍ ആഗസ്റ്റ് 10 ന് വിതരണം ചെയ്യും. 12 നാണ് വോട്ടെണ്ണല്‍.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി ലഭിക്കും.
തിരഞ്ഞെടുപ്പ് നടത്തിപ്പിനായി കമ്മീഷന് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാനിക്കുന്നതുവരെ സ്ഥലം മാറ്റാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഏതെങ്കിലും കാരണവശാല്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ഉണ്ടാകുന്ന പക്ഷം തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ സ്ഥലം മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്താതെ മേലധികാരികള്‍ നിര്‍ത്തിവെക്കേണ്ടതാണ്.