കിഴക്കൽ ലഡാക്കിന് പുറമെ അരുണാചൽ അതിർത്തി നിയിഞ്ചിയിലും ചൈനീസ് സേനാ സന്നാഹം. പ്രതിരോധ നടപടികൾ തുടങ്ങിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ പ്രതിരോധ മന്ത്രിയും സേനാമേധാവിയും നാളെ ലഡാക്ക് സന്ദർശിക്കും.
അരുണാചൽ അതിർത്തിക്ക് സമീപം നിയിഞ്ചിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ശക്തമായ സജ്ജീകരണങ്ങൾ ചൈന ഒരുക്കിയതായാണ് റിപ്പോർട്ടുകൾ. എയർപോർട്ട്, ഹെലിപോർട്ട്, റെയിൽവെ സ്റ്റേഷൻ അടക്കമുള്ളവ സജ്ജമാക്കിയതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തവാങ്, വലോക് എന്നിവിടങ്ങളിൽ ചൈനീസ് നീക്കം ശ്രദ്ധയിൽ പെട്ടതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. സൈന്യം പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യാ-പാക് അതിർത്തിയിലും കൂടുതൽ സേനാവിന്യാസം നടത്തി സുരക്ഷ ശക്തമാക്കുന്നുണ്ട്. കനത്ത ജാഗ്രതയും നിരീക്ഷണവും തുടരുകയാണ്. സുരക്ഷാ അവലോകനത്തിനായി ലെയിൽ എത്തുന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും സേനാമേധാവി എം എം നരവാണെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. പരിക്കേറ്റ സൈനികരെയും സന്ദർശിക്കും.
അതേസമയം ചൈനീസ് ആപ്പുകളെ നിരോധിച്ച ഇന്ത്യയുടെ നടപടിയെ അമേരിക്ക പിന്തുണച്ചു. നടപടി ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു. ഇന്ത്യയിലെ നിരോധനം മൂലം ടിക് ടോകിന് 45,297 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.