ഇന്ത്യയിലുടനീളമുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിനായി ബിഎസ്എൻഎല്ലിനൊപ്പം കൈകോർക്കാനൊരുങ്ങി തപാൽ വകുപ്പ്. ഇത് സംബന്ധിച്ച് കരാർ ഒപ്പ് വച്ചതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. തപാൽ വകുപ്പിന് വേണ്ടി സിറ്റിസൺ സെൻട്രിക് സർവീസസ് & ആർബി ജനറൽ മാനേജർ മനീഷ ബൻസാൽ ബാദലും ബിഎസ്‌എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്-കൺസ്യൂമർ മൊബിലിറ്റി) ദീപക് ഗാർഗുമാണ് ഔദ്യോഗികമായി ഒപ്പുവെച്ചത്.
ബിഎസ്‌എൻഎൽ സിം കാർഡുകളും മൊബൈൽ റീചാർജ് സേവനങ്ങളും ലഭ്യമാക്കുന്നതിനായി പോസ്റ്റൽ വകുപ്പിന്റെ 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകൾ പ്രയോജനപ്പെടുത്തും. മൊബൈൽ സിം വിൽപ്പന, മൊബൈൽ റീച്ചാർജുകൾ എന്നിവയ്‌ക്കായി പോസ്റ്റ് ഓഫീസുകൾ പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ആയിട്ടാകും പ്രവർത്തിക്കുക.
സ്വകാര്യ കമ്പനികൾ അവരുടെ സേവനങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനായി വലിയതോതിൽ പണം ചിലവഴിക്കുന്നുണ്ട്. എന്നാൽ പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ ബി എസ് എൻ എൽ ഗ്രാമപ്രദേശങ്ങളിലേക്ക് തങ്ങളുടെ സേവനങ്ങൾ കൂടുതലായി എത്തിക്കാനുള്ള ഒരു ശ്രമം കൂടിയാണിത്. ഇതിലൂടെ ബിഎസ്‌എൻഎല്ലിന്റെ ടെലികോം സേവനങ്ങൾ കൂടുതൽ സുതാര്യമാകുമെന്നാണ് വിലയിരുത്തൽ.
സെപ്റ്റംബർ 17 മുതൽ ഒരു വർഷത്തേക്ക് ആണ് ഇരുസ്ഥാപനങ്ങളും തമ്മിലുള്ള സഹകരണ കരാർ. പിന്നീട് ആവശ്യമെങ്കിൽ കരാർ പുതുക്കും. ബിഎസ്‌എൻഎൽ സിം സ്റ്റോക്ക് പരിശീലനം , ബിഎസ്‌എൻഎല്ലിനായി പുതിയ ഉപഭോക്താക്കളെ കണ്ടെത്തുക, സുരക്ഷിതവും മാന്യവുമായ നിലയിൽ സേവനങ്ങൾ ലഭ്യമാകാൻ സഹകരിക്കുക എന്നിവയെല്ലാം തപാൽ വകുപ്പുമായുള്ള കരാറിൽ ഉൾപ്പെടുന്നു.
പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആദ്യം അസമിൽ ആണ് നടപ്പാക്കിയത്. അവിടെ വൻ വിജയമായി കണ്ടതിനെ തുടർന്നാണ് ഇത് രാജ്യവ്യാപകമായി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ഇന്ത്യയിൽ ഇപ്പോഴും ടെലികോം കണക്ടിവിറ്റി ലഭ്യമല്ലാത്ത നിരവധി ഗ്രാമപ്രദേശങ്ങളിൽ ടെലികോം സേവനങ്ങൾ എത്തിക്കാനാണ് ബിഎസ്എൻഎല്ലിന്റെ പുതിയ നടപടി.