5ജി സ്പെക്ട്രം ലേലം മെയ് മാസം ആരംഭിക്കും

 

രാജ്യത്ത് മൊബൈൽ സാങ്കേതിക വിദ്യയുടെ അഞ്ചാം തലമുറയായ 5ജി നെറ്റ്‌വർക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി സ്പെക്ട്രം ലേലം മെയിൽ ആരംഭിക്കും. വാർത്ത ഏജൻസിയായ പി ടി ഐ യുടെ റിപ്പോർട്ട് പ്രകാരം മാർച്ചിൽ സ്പെക്ട്രം വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ് ) കൈമാറിയാൽ മേയിൽ തന്നെ സ്പെക്ട്രം ലേലം ആരംഭിക്കാനാകും. മേയിൽ തന്നെ ലേലം നടത്താൻ സാധിച്ചാൽ ഈ വർഷം അവസാനത്തോടെ 5ജി സേവനങ്ങൾ രാജ്യത്ത് ആരംഭിക്കാനാകും.

ദിവസങ്ങൾക്കു മുൻപ് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ആണ് 5ജി ലേലം നടത്താൻ ട്രായ്‌ നീക്കമാരംഭിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയത്. ലേലം എത്രയും വേഗം നടത്താനാണ് ശ്രമിക്കുന്നതെന്നും ടെലികോം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന മൊബൈൽ സേവന ദാതാക്കളായ എയർടെൽ, ജിയോ , വി ഐ എന്നീ കമ്പനികൾ ലേലത്തിൽ പങ്കെടുക്കും. മൊബൈൽ കോളിംഗ്, ഇന്റർനെറ്റ് , സേവനങ്ങൾക് 5ജി നെറ്റ്‌വർക്ക് വരുന്നതോടെ വലിയ മാറ്റമുണ്ടാകും.

5ജി ഇന്റർനെറ്റിന്റെ പരമാവധി വേഗത 10 ജിഗാബൈറ്റ്‌ ആണ്. നിലവിലെ 4ജി നെറ്റ്‌വർകിന്റെ 10 ഇരട്ടിയോളമാണിത്. വോയിസ് കോളുകൾക്കും 5ജിയിൽ മികച്ച വ്യക്തത ലഭിക്കും. നിരവധി സ്മാർട്ഫോൺ കമ്പനികളും ഇതിനോടകം 5ജി സപ്പോർട്ട് ചെയ്യുന്ന ഫോണുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. 5ജി നെറ്റ്‌വർക്ക് വിമാനങ്ങളിലുള്ള ആശയവിനിമയ സംവിധാനത്തെയും സാറ്റലൈറ്റ് വഴിയുള്ള സംപ്രക്ഷണത്തിനും വിദേശ രാജ്യങ്ങളിൽ തടസ്സം സൃഷ്ടിച്ചത് വലിയ വാർത്തയായിരുന്നു. ഇത്തരം പ്രശ്നങ്ങൾ പെട്ടന്ന് തന്നെ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.