ഉദ്യോഗസ്ഥ തലങ്ങളിൽ ദുഷ്പ്രവണത അവശേഷിക്കുന്നുണ്ടെങ്കിൽ വെച്ചുപൊറുപ്പിക്കില്ലെന്നും കർക്കശമായ നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും. പൊതുജനങ്ങൾക്ക് ഓഫീസിൽ വരാതെതന്നെ പരമാവധി സേവനം ലഭ്യമാക്കാൻ വില്ലേജ് ഓഫീസുകൾ നൽകുന്ന എല്ലാ സേവനങ്ങളും സ്മാർട്ട് ആക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാരുമായി ഓൺലൈനായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഫയലുകൾ മരിച്ച രേഖകളാകരുത്, തുടിക്കുന്ന ജീവിതമാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിരഹിതവും കാര്യക്ഷമവും ജനോപകാരപ്രദവുമായ സിവിൽ സർവീസ് എന്നതാണ് ഈ സർക്കാരിന്റെ കാഴ്ചപ്പാട്. കഴിഞ്ഞ അഞ്ചുവർഷവും ഈ കാഴ്ചപ്പാട് വലിയ അളവോളം നടപ്പാക്കാനായതിൽ മുഖ്യ പങ്ക് വഹിച്ചവരാണ് നമ്മുടെ ജീവനക്കാരെന്നത് അഭിമാനാർഹമാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിവിൽ സർവീസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവരെ അഭിസംബോധന ചെയ്തപ്പോൾ പറഞ്ഞത് ഇന്നും പ്രസക്തമാണ്. ഓരോ ഫയലും ഓരോ ജീവിതമാണ് എന്നതാണത്. അത് നമുക്ക് വലിയൊരളവോളം നടപ്പാക്കാനായി.
ഇതേ സമീപനത്തിൽ നിന്നുകൊണ്ട് സിവിൽ സർവീസിൽ അവശേഷിക്കുന്ന ദൗർബല്യങ്ങൾ കൂടി പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യം. അതിന്റെ ആദ്യപടിയാണ് കൂടുതൽ ജനങ്ങളുമായി ബന്ധപ്പെടുന്ന വില്ലേജ് ഓഫീസുകളിൽനിന്ന് ആശയവിനിമയം തുടങ്ങുന്നത്. പ്രധാനപ്പെട്ട വിഭാഗമാണ് വില്ലേജ് ഓഫീസർമാർ എന്നത് എപ്പോഴും മനസിൽ കരുതണം. ലാന്റ് റവന്യൂ കമ്മീഷണറേറ്റ് മുതൽ വില്ലേജ് ഓഫീസുകൾ വരെ നീളുന്ന ബൃഹദ്ശൃംഖലയാണ് റവന്യൂ വകുപ്പിനുള്ളത്.
വില്ലേജ് ഓഫീസുകളുടെ നവീകരണം ജനസേവനം മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചാണ്. അത്തരത്തിലുള്ള ചില പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസുകൾ നൽകുന്ന എല്ലാ സേവനങ്ങളും സ്മാർട്ട് ആക്കും എന്നതാണ് അതിൽ ഏറ്റവും പ്രധാനം. വില്ലേജ് ഓഫീസുകളിൽ നിന്നുള്ള സേവനങ്ങൾ കുറ്റമറ്റ രീതിയിൽ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ നിരവധി പദ്ധതികൾ കഴിഞ്ഞ സർക്കാർ നടപ്പാക്കിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ രൂപീകരണം. സംസ്ഥാനത്തെ 1666 വില്ലേജ് ഓഫീസുകളിൽ 126 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കിക്കഴിഞ്ഞു.
349 ഓഫീസുകളെ സ്മാർട്ട് ആക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. എല്ലാ വില്ലേജ് ഓഫീസുകളും ഇക്കാലയളവിൽ സ്മാർട്ട് ആക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്.
കെട്ടിടങ്ങളും വിവരസാങ്കേതിക സംവിധാനങ്ങളും സ്മാർട്ട് ആക്കിയതുകൊണ്ട് മാത്രം സേവനങ്ങൾ മെച്ചപ്പെടണമെന്നില്ല. അതിന് ജീവനക്കാരുടെ മനോഭാവം ഇതിനനുസൃതമാകണം എന്നതും പ്രധാനമാണ്.
കാലാനുസൃതമായി നടക്കുന്ന ആ പരിഷ്‌കരണങ്ങളോട് പൊരുത്തപ്പെടാൻ നമുക്ക് കഴിയണം. അതിനൊപ്പം പൊതുജനങ്ങളോടുള്ള പെരുമാറ്റത്തിന്, പൊതുജനങ്ങളെ സേവിക്കുന്നവരാണെന്നുള്ള ബോധത്തോടുകൂടിയുള്ള സമീപനം ഉണ്ടാകണം. തന്റെ പെരുമാറ്റം സമൂഹവും സർക്കാരും ആഗ്രഹിക്കുന്ന നിലയിലാണോ എന്നതിനെക്കുറിച്ച് അവരവർ ആത്മപരിശോധന നടത്തണം.
സിവിൽ സർവീസ് രംഗത്ത് നിന്ന് അഴിമതിയുടെ തോതിൽ ഗണ്യമായ കുറവ് വരുത്താനായി എന്നത് ആരും സമ്മതിക്കും.
അഴിമതിയെന്നത് അന്യായമായി പണം വസൂലാക്കുന്നത് മാത്രമല്ല. ഒരേ സേവനത്തിന് ജനങ്ങളെ പലതവണ ഓഫീസുകളിൽ എത്തിക്കുന്നതും ലഭ്യമായ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാത്തതും ഓൺലൈൻ അപേക്ഷകളിൽ മതിയായ കാരണങ്ങളില്ലാതെ ജനങ്ങളെ വിളിച്ച് ബുദ്ധിമുട്ടിക്കുന്നതും അഴിമതിയുടെ ഗണത്തിൽപ്പെടും. ഇതൊന്നും അനുവദിക്കാനാവില്ല. ഫയലുകൾ തീർപ്പാക്കാതെ സൂക്ഷിക്കുന്നത് അഴിമതിക്കുള്ള അരങ്ങൊരുക്കലായി കാണണം. സുതാര്യവും സമയബന്ധിതവും കാര്യക്ഷമവുമായ സേവനം സർക്കാർ സേവനങ്ങളിൽ ലഭ്യമായില്ലെങ്കിൽ പൊതുജനങ്ങൾക്ക് വില്ലേജ് ഓഫീസുകൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളോട് അതൃപ്തിയുണ്ടാകും. ഏതെങ്കിലും ഒരു ഓഫീസിൽ നിഷേധാത്മകമായ സമീപനം പൊതുജനങ്ങളോട് സ്വീകരിക്കുമ്പോൾ അവിടെ ചെല്ലുന്നവർ സർക്കാരിന് എതിരാകും എന്ന നിലയാണ് ഉണ്ടാകുന്നത്. ഒക്ടോബർ രണ്ടിനകം വില്ലേജ് ഓഫീസുകളിൽനിന്നുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
54 ശതമാനം വില്ലേജുകളിൽ മാത്രമാണ് കഴിഞ്ഞ 55 വർഷം കൊണ്ട് റീസർവേ പൂർത്തീകരിക്കാനായത്. ഇതിൽ 89 വില്ലേജുകളിലാണ് നൂതന ജി.പി.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ റീസർവേ നടന്നിട്ടുള്ളത്. ഈ അവസ്ഥക്ക് മാറ്റം വരുത്താൻ നടപടികളുമുണ്ടാകും. അടുത്ത രണ്ട് വർഷം കൊണ്ട് സംസ്ഥാനത്തെ 1666 വില്ലേജുകളിലും കോർസ് (CORS-കണ്ടിന്യൂസ്ലി ഓപ്പറേറ്റിംഗ് റെഫറൻസ് സ്റ്റേഷൻസ്) അധിഷ്ഠിതമായി സർവേ ഓഫ് ഇന്ത്യയുടെ വിഷയപരിജ്ഞാനം പ്രയോജനപ്പെടുത്തി ഡിജിറ്റൽ റീസർവേ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. റവന്യൂ, സർവേ, രജിസ്‌ട്രേഷൻ എന്നീ മൂന്നു വകുപ്പുകളിലായി നൽകി വരുന്ന സേവനങ്ങൾ ഒറ്റ പോർട്ടൽ വഴി ലഭ്യമാക്കാൻ ഇന്റഗ്രേറ്റഡ് ഭൂസേവന പോർട്ടൽ നടപ്പിലാക്കുന്നതിന് സർക്കാർ ആലോചിക്കുന്നുണ്ട്.
വ്യത്യസ്തമായ ജോലികളുടെ ബാഹുല്യവും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും സർക്കാരിന്റെ ശ്രദ്ധയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.