യുക്രൈന്റെ ഭാവി തീരുമാനിക്കപ്പെടുകയാണെന്ന് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. തങ്ങളുടെ പ്രതിരോധം മറികടക്കാൻ എല്ലാതരത്തിലും ശത്രുക്കൾ ശ്രമിക്കുമെന്നും ഈ രാത്രി പിടിച്ചുനിൽക്കാനാണ് ശ്രമമെന്നും സെലൻസ്‌കി രാജ്യത്തെ അഭിസംബോധന ചെയ്തുപറഞ്ഞു.
രാത്രിയിൽ അവർ ആക്രമണം നടത്തും. ചെർണീവ്, സുമി, ഖർകീവ്, ഡോൺബാസ്, തെക്കൻ യുക്രൈൻ എല്ലാം അവർ ആക്രമിക്കും. കീവിലേക്കാണ് അവരുടെ ശ്രദ്ധ. ബെലാറസ് വഴിയാണ് കീവ് ആക്രമിക്കാൻ റഷ്യ എത്തുന്നതെന്നും സെലൻസ്‌കി പറഞ്ഞു
കീവിൽ റഷ്യ ആക്രമണം ശക്തമാക്കി. കീവിലെ വൈദ്യുത നിലയത്തിന് സമീപം റഷ്യ സ്ഫോടനം നടത്തി. ഇവിടെ അഞ്ചോളം സ്ഫോടനങ്ങൾ ഉണ്ടായി. തലസ്ഥാന നഗരമായ കീവിനെ ലക്ഷ്യംവെച്ച് വ്യോമാക്രമണം ഉണ്ടായേക്കാമെന്ന് യുക്രൈൻ ഭരണകൂടം മുന്നറിയിപ്പ് നൽകി.
കീവിനെ ലക്ഷ്യം വെച്ച് റഷ്യൻ മിസൈലുകൾ വരുന്നതായും റിപ്പോർട്ടുണ്ട്. പൗരന്മാരോട് സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറാൻ യുക്രൈൻ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഡേസയിലും സ്ഫോടനം തുടരവെ യുക്രൈൻ സൈന്യം ചെറുത്ത് നിൽപ്പ് തുടരുകയാണ്.