ഒറ്റപ്പെട്ടുവെന്ന് യുക്രൈൻ പ്രസിഡന്റ്, ആരും സഹായിക്കാൻ തയ്യാറായില്ല: ആദ്യ ദിനം കൊല്ലപ്പെട്ടത് 137 പേർ

 

യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ തങ്ങൾ ഒറ്റപ്പെട്ടുവെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാറ്റോയിലെ 27 രാജ്യങ്ങളോട് അടക്കം യുദ്ധത്തിന്റെ ആദ്യ ദിനം തന്നെ സഹായം തേടിയിരുന്നു. എന്നാൽ ആരും സഹായിക്കാൻ തയ്യാറായില്ല

എല്ലാവർക്കും ഭയമാണ്. റഷ്യൻ സൈന്യത്തിന്റെ ലക്ഷ്യം താനാണെന്നും സെലൻസ്‌കി പറഞ്ഞു. റഷ്യൻ അട്ടിമറി സംഘങ്ങൾ തലസ്ഥാന നഗരമായ കീവിൽ പ്രവേശിച്ചു. 137 പേരാണ് ആദ്യ ദിവസത്തെ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 316 പേർക്ക് പരുക്കേറ്റുവെന്നും യുക്രൈൻ പ്രസിഡന്റ് അറിയിച്ചു. അതേസമയം അനൗദ്യോഗിക കണക്കുകൾ ഇതേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ

നാറ്റോയിൽ തങ്ങളെ പ്രവേശിപ്പിക്കാനാകുമോ എന്ന് ചോദിച്ചിട്ടും ഭയം കൊണ്ട് 27 അംഗ രാജ്യങ്ങളും പ്രതികരിച്ചില്ലെന്ന വെളിപ്പെടുത്തലും സെലൻസ്‌കി നടത്തുന്നുണ്ട്. അതിനിടെ ചെർണോബിൽ ആണവനിലയം റഷ്യൻ സൈന്യം പിടിച്ചെടുത്തു. ഇവിടെയുള്ള ഉദ്യോഗസ്ഥരെ അടക്കം ബന്ധികളാക്കിയിട്ടുണ്ട്.