യുക്രൈനിൽ യുദ്ധം തുടരവെ രാജ്യത്ത് കുടുങ്ങിയ ഇന്ത്യൻ പൗരൻമാർക്ക് നിർദേശവുമായി എംബസി. ഉദ്യോഗസ്ഥരുടെ നിർദേശം കൂടാതെ അതിർത്തികളിലേക്ക് നീങ്ങരുത്. യുക്രൈൻ അതിർത്തികളിൽ സാഹചര്യം മോശമാകുകയാണ്. അതിർത്തി വഴി പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു
ഉദ്യോഗസ്ഥരുടെ നിർദേശമില്ലാതെ പൗരൻമാർ അതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചാൽ അത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. മതിയായ ഭക്ഷണവും വെള്ളവും സുരക്ഷിതമായ ഇടവും ലഭിക്കുന്നുണ്ടെങ്കിൽ പടിഞ്ഞാറൻ മേഖലയിലുള്ളവർ ഇപ്പോൾ അതിർത്തിയിലേക്ക് കടക്കാതിരിക്കുന്നതാകും സുരക്ഷിതം. നിർദേശം ലഭിക്കുന്നത് വരെ കിഴക്കൻ മേഖലയിൽ ഉള്ളവർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണം
പൗരൻമാർ പോളണ്ട് അതിർത്തിയിൽ ഒന്നിച്ച് എത്തുന്നത് ഒഴിവാക്കണം. രണ്ട് പോയിന്റുകൾ വഴിയാണ് ഇന്ത്യക്കാർക്ക് പ്രവേശനമുള്ളത്. സുരക്ഷിതമെങ്കിൽ താമസ സ്ഥലങ്ങളിൽ തുടരുക. രാത്രി എത്തുന്നത് പരമാവധി ഒഴിവാക്കുക എന്നിവയാണ് ഇന്ത്യൻ എംബസി നൽകുന്ന നിർദേശങ്ങൾ