യുക്രൈനിലെ റഷ്യൻ അധിനിവേശം തലസ്ഥാന നഗരമായ കീവിലേക്ക് കടക്കുമ്പോൾ കടുത്ത ആശങ്കയിൽ മലയാളി വിദ്യാർഥികൾ. സ്‌ഫോടന പരമ്പരകളാണ് കീവിൽ വെള്ളിയാഴ്ച പുലർച്ചെ മുതൽ അരങ്ങേറുന്നത്. കീവിന് പുറമെ സപോരിജിയ, ഒഡേസ നഗരങ്ങളിലും വ്യോമാക്രമണം തുടരുകയാണ്.
ബങ്കറുകളിലും ഭൂർഗർഭ മേഖലയിലുള്ള മെട്രോ സ്‌റ്റേഷനുകളിലുമാണ് മലയാളി വിദ്യാർഥികൾ തമ്പടിച്ചിരിക്കുന്നത്. അതേസമയം യുക്രൈനിലെ കൊടും തണുപ്പിനെ പ്രതിരോധിക്കാനുള്ള മതിയായ സാമഗ്രികൾ പോലുമില്ലാതെയാണ് വ്യാഴാഴ്ച രാത്രി ഇവർ കഴിച്ചുകൂട്ടിയത്.
ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. അയൽ രാജ്യങ്ങളായ പോളണ്ട്, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലൂടെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനാണ് നീക്കം.