യുക്രൈനിൽ റഷ്യ അധിനിവേശം തുടരുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഫോണിൽ ബന്ധപ്പെട്ടു. എത്രയും വേഗം യുക്രൈനിലെ സൈനിക നീക്കം നിർത്തിവെക്കണമെന്ന് പുടിനോട് മക്രോൺ ആവശ്യപ്പെട്ടു. വെട്ടിത്തുറന്ന് സംസാരിച്ചുവെന്നാണ് മക്രോൺ അറിയിച്ചത്. യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിക്ക് വേണ്ടിയാണ് താൻ വിളിച്ചതെന്നും മക്രോൺ പറഞ്ഞു
അതേസമയം റഷ്യക്ക് മേൽ ഉപരോധവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തുവന്നു. റഷ്യൻ എക്‌സ്‌പോർട്ട് പെർമിറ്റുകൾ കാനഡ റദ്ദാക്കി. 62 റഷ്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പുതിയ ഉപരോധങ്ങൽ പ്രഖ്യാപിച്ചു. കിഴക്കൻ യൂറോപ്പിലെ നാറ്റോ ദൗത്യത്തിലേക്ക് 460 കനേഡിയൻ സൈനിക അംഗങ്ങളെ വിന്യസിക്കുകയും ചെയ്തു
ന്യൂസിലാൻഡും റഷ്യക്കെതിരെ ഉപരോധവുമായി രംഗത്തുവന്നു. റഷ്യൻ അധികൃതർക്ക് ന്യൂസിലാൻഡ് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റഷ്യൻ സൈന്യത്തിനായുള്ള ചരക്കുകയറ്റുമതി നിരോധിച്ചു. റഷ്യയുമായുള്ള എല്ലാ ചർച്ചകളും നിർത്തിവെച്ചതായും ന്യൂസിലാൻഡ് അറിയിച്ചു.