ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സ്‌പെഷ്യല്‍ ട്രെയിനില്‍ ലീവിലേക്ക് തിരിച്ചു

 

കീവ്: യുക്രൈന്‍ നഗരമായ സുമിയില്‍ നിന്ന് പോള്‍ട്ടാവയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സ്‌പെഷ്യല്‍ ട്രെയിനില്‍ ലീവിലേക്ക് പുറപ്പെട്ടു. പടിഞ്ഞാറന്‍ നഗരമായ ലീവില്‍ നിന്ന് ബസില്‍ പോളണ്ടിലെത്തുന്ന ഇവര്‍ വ്യാഴാഴ്ച ഇന്ത്യയിലേക്ക് പുറപ്പെടും. 600 ഇന്ത്യക്കാരും 17 മറ്റ് രാജ്യക്കാരുമടങ്ങുന്ന സംഘമാണ് 888 കി മീ അകലെയുള്ള ലീവിലേക്ക് പുറപ്പെട്ടത്.

ട്രെയിനില്‍ യാത്ര ചെയ്യുന്ന ഫോട്ടോകള്‍ യുക്രൈനിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് സംഘത്തില്‍ 580 വിദ്യാര്‍ഥികളാണുള്ളത്. ബാക്കി 20 ഇന്ത്യക്കാര്‍ തൊഴില്‍ വിസയിലെത്തിയവരും ഇവരുടെ കുടുംബാംഗങ്ങളുമാണ്.

സംഘത്തിലെ 13 പേര്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരും ഓരോന്ന് വീതം പേര്‍ നേപ്പാള്‍, പാക്കിസ്ഥാന്‍ പൗരന്മാരുമാണ്. രണ്ട് ടുണീഷ്യക്കാരുമുണ്ട്. സുമിയില്‍ കുടുങ്ങിക്കിടന്ന ഇവരെ 12 ബസുകളിലായാണ് ചൊവ്വാഴ്ച രാവിലെ പോള്‍ട്ടാവയിലെത്തിച്ചത്.