അമേരിക്കയിൽ വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ സ്വയം വിജയം പ്രഖ്യാപിച്ച ഡൊണാൾഡ് ട്രംപ് ആഘോഷങ്ങൾ ആരംഭിക്കാൻ അനുയായികൾക്ക് നിർദേശം നൽകി. അതേസമയം ഫലസൂചനകളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ചില സംസ്ഥാനങ്ങളിൽ നിന്നുള്ള അന്തിമഫലം വരാത്തതിനെ തുടർന്നാണിത്.
പെൻസിൽവാനിയ, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫലമാണ് വൈകുന്നത്. ഇതിനാൽ തന്നെ ഇന്ന് അന്തിമഫലം വരാൻ സാധ്യതയില്ല. ഹവായിയിലും വോട്ടെണ്ണൽ തുടരുകയാണ്. എന്നാൽ പുലർച്ചെ നാല് മണിക്ക് ശേഷം ലഭിച്ച വോട്ടുകൾ എണ്ണരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപ് പറഞ്ഞു. എന്തുവില കൊടുത്തും നേരിടുമെന്ന് ഡെമോക്രാറ്റുകളും തിരിച്ചടിച്ചിട്ടുണ്ട്.
ട്രംപിന്റെ ശ്രമത്തെ പ്രതിരോധിക്കാൻ നിയമവിദഗ്ധരുടെ സംഘം തയ്യാറാണെന്നും അന്തിമ വിജയം തങ്ങൾക്കായിരിക്കുമെന്നും ജോ ബൈഡൻ ക്യാമ്പ് പ്രതികരിച്ചു. വോട്ടുകൾ എണ്ണുന്നത് അവസാനിപ്പിക്കണമെന്ന പ്രസിഡന്റിന്റെ പ്രസ്താവന അബദ്ധവും കീഴ് വഴക്കമില്ലാത്തതുമാണെന്ന് ബൈഡൻ ക്യാമ്പ് പറഞ്ഞു.’