തിരുവനന്തപുരം: സിബിഐ അന്വേഷണം മുന്നോട്ടു പോയാൽ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന പേടിയാണ് സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അന്വേഷണ ഏജൻസികളെ തടയാനുള്ള തീരുമാനം ഭീരുത്വമാണെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സർക്കാർ എന്തോ മറച്ചുവയ്ക്കുന്നു. ഗുരുതരമായ അഴിമതി ചെയ്തുവെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അന്വേഷണ ഏജൻസികളെ തടയുന്നത്. മുഖ്യമന്ത്രിക്ക് കേന്ദ്ര അന്വേഷണ സംഘങ്ങളെ ഭയമാണ്. മടിയിൽ കനമുള്ളതുകൊണ്ടാണോ സിബിഐയെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, പാർട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടിലെ റെയ്ഡ് സിപിഎം ജീർണതയുടെ ഫലമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ബിനീഷ് കോടിക്കണക്കിന് രൂപയുടെ ആസ്തികൾ ഉണ്ടാക്കിയത് പാർട്ടിയും സർക്കാരും അറിയാതെയാണോ എന്നും ചെന്നിത്തല ചോദിച്ചു. പാർട്ടി സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാതെ കോടിയേരി ബാലകൃഷ്ണൻ രാജിവയ്ക്കണം. വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. ആദർശം പ്രസംഗിച്ച് അധോലോക പ്രവർത്തനം നടത്തുന്ന പാർട്ടിയാണ് സിപിഎം എന്നും ചെന്നിത്തല ആരോപിച്ചു. കണ്ണൂരിലെ യുഡിഎഫ് ജില്ലാ നേതൃയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയുമുള്ള വിമര്‍ശനം.