മഹാരാഷ്ട്ര മാതൃകയിൽ സിബിഐയെ വിലക്കണമെന്ന് സിപിഎം

സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളിൽ സി.ബി.ഐ. നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്ന കാര്യം സർക്കാർ പരിശോധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളുടെ മാതൃക പിന്തുടർന്ന് സിബിഐയെ പുറത്തുനിർത്താനുള്ള വഴി ആലോചിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു.

 

സിബിഐയെ കേന്ദ്ര സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഈ നിലപാടെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് രാഹുൽഗാന്ധിപോലും പറഞ്ഞ പശ്ചാത്തലത്തിൽ മുൻകൂർ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം സർക്കാർ പരിശോധിക്കണം.

 

ഡൽഹി സ്‌പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ചാണു സിബിഐ കേസുകൾ അന്വേഷിക്കുന്നത്. ഓരോ സംസ്ഥാനത്തും അന്വേഷണത്തിന് അതാതു സംസ്ഥാന സർക്കാരിന്റെ അനുമതി വേണം. കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി മുൻകൂട്ടി നൽകിയിട്ടുണ്ട്. ഈ അനുമതി പിൻവലിക്കണമെന്നാണു സിപിഎം ആവശ്യപ്പെടുന്നത്.